‘ഞങ്ങള്‍ ചൈനക്കാരല്ല, തായ്‌വാനികള്‍’; തായ്‌വാനീസ് ഫാന്‍സിനെ ചൈനീസ് ഫാന്‍സായി ലിസ്റ്റ് ചെയ്ത ഖത്തര്‍ ലോകകപ്പ് സംഘാടകരുടെ നടപടിക്കെതിരെ വിമര്‍ശനം

0

തായ്‌പേയ് സിറ്റി: വരാനിരിക്കുന്ന 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ തായ്‌വാനിലെ ഫാന്‍സിനെ ചൈനീസ് ഫാന്‍സായി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച വേള്‍ഡ് കപ്പ് സംഘാടകരുടെ നടപടിയെ അപലപിച്ച് തായ്‌വാന്‍. ഖത്തറിന്റെ തീരുമാനത്തെ തായ്‌വാന്‍ തള്ളുകയും ചെയ്തു.

2022ല്‍ ദോഹയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് കപ്പ് കാണാന്‍ വരുന്ന തായ്‌വാനീസ് ഫാന്‍സിനെ ചൈനീസ് ഫാന്‍സ് എന്ന തരത്തില്‍ പെടുത്തി ലിസ്റ്റ് ചെയ്‌തേക്കുമെന്ന സംഘാടകരുടെ തീരുമാനത്തെയാണ് തായ്‌വാന്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്.

തായ്‌വാന്റെ മേല്‍ അധീശത്വവും അധികാരവും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നടപടിയെ അംഗീകരിക്കുന്നതാണ് ഖത്തറിന്റെ തീരുമാനമെന്നാണ് തായ്‌വാന്‍ വിലയിരുത്തിയത്.

ഖത്തറിലേക്കുള്ള വിസ കൂടിയായി കണക്കാക്കുന്ന ഫാന്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡിന് വേണ്ടിയുള്ള അപേക്ഷയിലാണ് തായ്‌വാന്‍ എന്ന ഓപ്ഷന്‍ ഇല്ലാത്തത്. ആപ്ലിക്കേഷന്‍ പ്രക്രിയയുടെ സമയത്ത് തായ്‌വാനികളായ ആളുകള്‍ തങ്ങള്‍ ജനിച്ച സ്ഥലം ചൈനയായി അടയാളപ്പെടുത്തിയാല്‍ മതി, എന്നായിരുന്നു ഇതിന് ഖത്തര്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ പിന്നീട് തായ്‌വാനെ ചൈനീസ് പ്രവിശ്യ (Taiwan, Province of China) എന്ന പേരില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ നീക്കവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ തായ്‌വാന്റെ പതാക തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പ് സംഘാടകരുടെയും ഉദ്യോഗസ്ഥരുടെയും നീക്കം രാഷ്ട്രീയത്തെയും സ്‌പോര്‍ട്‌സിനെയും കൂട്ടിക്കലര്‍ത്തുന്നതാണെന്നും അംഗീകരിക്കാനാകാത്തതാണെന്നുമാണ് തായ്‌വാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം.ഇത് അംഗീകരിക്കാനാകാത്തതാണ്, ഞങ്ങളുടെ രാജ്യത്തെ ചെറുതാക്കി കാണുന്ന നടപടിയാണ്. അവരുടെ രീതി അടിയന്തരമായി തിരുത്തണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കായിക ഇനങ്ങളില്‍ രാഷ്ട്രീയ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കരുതെന്നും അതുവഴി നല്ല മത്സരങ്ങളും അത്‌ലീറ്റുകളുടെ സ്പിരിറ്റും നശിപ്പിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം ഖത്തര്‍ ലോകകപ്പ് സംഘാടകരോട് ആവശ്യപ്പെടുകയാണ്,” തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

അതേസമയം, ലോകകപ്പ് സംഘാടകരോ ഖത്തര്‍ സര്‍ക്കാരോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.‘റിപബ്ലിക് ഓഫ് ചൈന’ എന്ന പേരില്‍ സ്വതന്ത്ര രാജ്യമായാണ് തായ്‌വാന്‍ നിലനില്‍ക്കുന്നതെങ്കിലും, ചൈനീസ് പ്രവിശ്യയായാണ് തായ്‌വാനെ ബീജിങ് ഭരണകൂടം നോക്കിക്കാണുന്നത്.

ഇതില്‍ ചൈനയുടെ പരമാധികാരം മാത്രമാണ് ഖത്തര്‍ അംഗീകരിച്ചിട്ടുള്ളത്. ഖത്തറും തായ്‌വാനും തമ്മില്‍ നയതന്ത്ര ബന്ധങ്ങളൊന്നും നിലനില്‍ക്കുന്നില്ല.

മിക്ക അന്താരാഷ്ട്ര കായിക മത്സര വേദികളിലും തായ്‌വാനെ ‘ചൈനീസ് തായ്‌പേയ്’ എന്ന പേരിലാണ് ഉള്‍പ്പെടുത്താറുള്ളത്.

Leave A Reply

Your email address will not be published.