നാറ്റോ റഷ്യയെ അവരുടെ വാതില്‍ക്കല്‍ വന്ന് പ്രകോപിപ്പിക്കുകയാണെന്ന് പറഞ്ഞു; ഒരുപക്ഷേ അതായിരിക്കാം യുദ്ധത്തിന് കാരണമായത്: ഫ്രാന്‍സിസ് മാര്‍പാപ്പ

0

റോം: റഷ്യ- ഉക്രൈന്‍ യുദ്ധം ഒരുപക്ഷേ നാറ്റോയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനം കാരണമായിരിക്കാം ഉണ്ടായിരിക്കുകയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

നീതി – അനീതി എന്ന രീതിയില്‍, തെറ്റ്- ശരി എന്ന രീതിയില്‍ റഷ്യ- ഉക്രൈന്‍ സാഹചര്യത്തെ കാണാനാകില്ലെന്നും ജെസ്യൂട്ട് മീഡിയയുടെ എഡിറ്റര്‍മാരുമായി നടത്തിയ സംഭാഷണത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്.

”ഇത് ഒരാഴ്ചക്കുള്ളില്‍ അവസാനിച്ചേക്കാമെന്ന് റഷ്യക്കാരും വിചാരിച്ചിരിക്കാം, എന്നത് സത്യമാണ്. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

അവര്‍ ധൈര്യവാന്മാരായ ആളുകളെയാണ് നേരിട്ടത്, അതിജീവിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്ന ജനങ്ങളെ. ഉക്രൈനിലെ ജനങ്ങളുടെ ഹീറോയിസം ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമുക്ക് മുന്നിലുള്ളത് ഒരു ലോകമഹായുദ്ധത്തിന്റെ സാഹചര്യമാണ്. അന്താരാഷ്ട്ര താല്‍പര്യങ്ങളുടെയും ആയുധ വില്‍പനയുടെയും സാഹചര്യമാണ്. നായകരായ ജനങ്ങളെയാണ് അത് രക്തസാക്ഷികളാക്കുന്നത്,” മാര്‍പ്പാപ്പ പറഞ്ഞു.

ഉക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ നേതാക്കളിലൊരാളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ‘നാറ്റോ റഷ്യയെ അവരുടെ വാതില്‍ക്കല്‍ വന്ന് മനപൂര്‍വം ആക്രമണോത്സുകമായി പെരുമാറി പ്രകോപിപ്പിക്കുകയാണെന്ന്’ അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പോപ്പ് പറഞ്ഞു. ഒരുപക്ഷേ ഈ പ്രകോപനമായിരിക്കാം യുദ്ധത്തിലേക്ക് നയിച്ചതെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്നെ ഇത് ഒരു പ്രോ പുടിന്‍കാരനാക്കി മാറ്റുമോ എന്ന് സ്വയം ചോദിച്ച ചോദ്യത്തിന്, ‘ഒരിക്കലുമില്ല, അങ്ങനെ പറയുന്നത് തീര്‍ത്തും തെറ്റായിരിക്കും,’ എന്നായിരുന്നു മാര്‍പ്പാപ്പ പറഞ്ഞത്.

അതേസമയം, ഉക്രൈനെ നിരായുധീകരിക്കാനുള്ള ഒരു സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷനാണ് തങ്ങള്‍ നടത്തിയതെന്ന റഷ്യയുടെ വാദത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു.

Leave A Reply

Your email address will not be published.