‘അമ്മയ്ക്ക് നൂറാം പിറന്നാൾ’;ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നൽകും

0

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് പിറന്നാൾ സമ്മാനവുമായി ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ.നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഹീരാബെൻ മോദിയുടെ പേര് ഗാന്ധിനഗറിലെ ഒരു റോഡിന്  നൽകുമെന്ന് മേയർ ഹിതേഷ് മക്വാന അറിയിച്ചു. ‘പൂജ്യ ഹീരാബാ മാർഗ്‘ എന്നാണ് റോഡിന് പേര് നൽകുന്നതെന്നും  ഗാന്ധിനഗർ മേയർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങൾ വരും തലമുറകൾക്ക് പകർന്ന് നൽകുന്നതിന് വേണ്ടിയുമാണ് നടപടിയെന്നും മേയർ ഹിതേഷ് മക്വാന വ്യക്തമാക്കി.

റെയ്സാൻ പെട്രോൾ പമ്പിൽ നിന്നുമുള്ള 80 മീറ്റർ റോഡിനാണ് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുന്നത്.  ജനങ്ങളുടെ ആവശ്യ പ്രകാരമാണ് ഈ പിറന്നാൾ സമ്മാനം. ജൂൺ 18നാണ് ഹീരാബെൻ മോദിയുടെ നൂറാം പിറന്നാൾ. അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തും. മാർച്ച് 11 ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദിൽ ചെന്ന് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്.

Leave A Reply

Your email address will not be published.