ടീമിലെടുത്തിട്ടെന്തിനാ.. അയര്‍ലാന്‍ഡ് ചുറ്റിക്കാണിക്കാനല്ലേ അല്ലാതെ കളിപ്പിക്കാനല്ലല്ലോ? സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ട്രോള്‍ മഴ

0

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലായതിനാല്‍ യുവതാരങ്ങള്‍ക്കാണ് ടീമില്‍ ഏറ്റവുമധികം അവസരം ലഭിച്ചിരിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യയ്ക്കാണ് ടീമിനെ നയിക്കാന്‍ ചുമതല. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന പൊന്‍തൂവലാണ് ഹര്‍ദിക്കിന് തുണയായത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. രാഹുല്‍ ത്രിപാഠി അടക്കമുള്ള താരങ്ങള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്നു എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്.

ഇതിന് പുറമെ മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനവും രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിച്ചതുമാണ് സഞ്ജുവിന് തുണയായത്.

സഞ്ജു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്നതിലുള്ള ആവേശമാണ് ഇപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക്. എന്നാല്‍ സഞ്ജുവിന് വേണ്ടത്ര അവസരം ലഭിക്കുമോ എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി മൂന്ന് പേരെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കുമാണ് മറ്റ് രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

അയര്‍ലാന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടി-20 മത്സരങ്ങള്‍ക്കാണ് ഇന്ത്യ പുറപ്പെടുന്നത്. പരമ്പരയില്‍ കേവലം രണ്ട് മത്സരങ്ങള്‍ മാത്രമുള്ളതും ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഉള്‍പ്പെട്ടതുമാണ് മലയാളി ആരാധകരുടെ ആശങ്കയ്ക്ക് അടിസ്ഥാനം.ഇതോടെയാണ് സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന ലേബലിന് പുറമെ താനൊരു മികച്ച ഫീല്‍ഡര്‍ തന്നെയാണെന്ന് സഞ്ജു പലവട്ടം തെളിയിച്ചതാണ്. ഇതാണ് ആരാധകര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുകൊടുത്താല്‍ മാത്രമേ സഞ്ജുവിന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് ധാരാളിത്തമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിക്കൂ.

 

അയര്‍ലാന്‍ഡിനെതിരെ നടക്കുന്ന മത്സരങ്ങളില്‍ ഏത് രീതിയിലാണോ അവസരം ലഭിക്കുന്നത്, ആ രീതിയിലെല്ലാം തന്നെ മുതലാക്കാനാവും സഞ്ജു ശ്രമിക്കുന്നത്.

ജൂണ്‍ 26നാണ് പരമ്പരയിലെ ആദ്യ മത്സരം.

പരമ്പരക്കുള്ള സ്‌ക്വാഡിനെ അയര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആന്‍ഡ്രൂ ബാര്‍ബിര്‍ണിയുടെ നേതൃത്വത്തിലാവും അയര്‍ലാന്‍ഡ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.

Leave A Reply

Your email address will not be published.