മദ്യപിച്ച പിതാവിനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; പിതാവ് അറസ്റ്റിൽ

0

കന്യാകുമാരി: മദ്യപിച്ച പിതാവിനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. സുഷ്വിക മോൾ (4) ആണ് മരിച്ചത്. സുഷ്വികയുടെ പിതാവ് കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച്  അമ്മയും  മക്കളും വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഒളിക്കുകയായിരുന്നു. അച്ഛൻ പതിവായി മദ്യപിച്ചെത്തി മർദിക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തിൽ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെയും സുജിമോൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഭാര്യ സിജി മോളെയും മക്കളായ സുഷ്വിക മോൾ (4), സുജിലിൻ ജോ (9), സുഷിൻ സിജോ (12 ) എന്നിവരെയും മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി ബഹളം തുടങ്ങിയതോടെ  അമ്മയും കുട്ടികളും  സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുട്ടികളെ അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.  അയൽവീട്ടിലെത്തുമ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ  സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു.

Leave A Reply

Your email address will not be published.