അഗ്നിപഥ് പദ്ധതി യുവജനങ്ങളോടുള്ള വഞ്ചന; മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ കരാര്‍വല്‍ക്കരിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

0

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.അഗ്നിപഥ് സായുധ സേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും ചാമ്പലാക്കിയില്ലേയെന്നും എന്ത് കാര്യക്ഷമതയാണ് നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് ലഭിക്കുകമെന്നും അദ്ദേഹം ചോദിച്ചു.

സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍ത്തി വെച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുന്നു.

സായുധ സേനയിലെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും തകര്‍ക്കുകയല്ലേ ഈ നയം ചെയ്യുക?
ഒരു സ്ഥിരം തൊഴില്‍ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയല്ലേയിത്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സ്വജീവന്‍ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകര്‍ക്കുകയല്ലേ ഈ കരാര്‍വല്‍ക്കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

അതേസമയം അഗ്നിപഥ് പദ്ധതിക്ക് എതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. സേനയിലെ താല്‍ക്കാലിക നിയമനത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ സമര്‍ദത്തിലാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുമുള്ള എതിര്‍ സ്വരങ്ങളും പദ്ധതിയെ ന്യായീകരിക്കുന്ന ബി.ജെ.പി വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.

അതിനിടെ പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. വരുണ്‍ ഗാന്ധി എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്.പദ്ധതിയുടെ ഭാഗമായി സേനയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് 21ല്‍ നിന്നും 23 ആക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

Leave A Reply

Your email address will not be published.