സിറിയക് ജോസഫ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് പി.ജെ. കുര്യന്‍; തന്റെ പുസ്തകത്തില്‍ തെളിവുണ്ട്, ഇല്ലെങ്കില്‍ കേസ് കൊടുക്കട്ടേയെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

0

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ നിയമപോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയുടെ പ്രകാശന വേദിയില്‍ തര്‍ക്കം. അഭയ കേസിലെ ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ ഇടപെടലുകളെ ചൊല്ലിയാണ് പ്രകാശന വേദിയില്‍ വാദപ്രതിവാദം നടന്നത്.

ജസ്റ്റിസ് സിറിയക്ക് ജോസഫ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്നും വ്യക്തിപരമായി താന്‍ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും പി.ജെ.കുര്യന്‍ വേദിയില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാദം തള്ളി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി. കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമായി സിറിയക് ജോസഫ് ഇടപെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ കേസ് കൊടുക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ സ്വന്തം വക്കീല്‍ എന്ന പേരിലാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ പുസ്തകം ഇന്നലെ പ്രകാശനം ചെയ്തത്. അഭയ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്.

സിറിയക്ക് ജോസഫ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വിവരങ്ങള്‍ പുസ്തകത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പുസ്തകം പരിചയപ്പെടുത്തി സംസാരിച്ച കെ.ടി.ജലീല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലോകായുക്ത പദവി സിറിയക്ക് ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

പിന്നാലെ ജലീലിന്റെ ആരോപണങ്ങള്‍ തള്ളികളഞ്ഞ് പി.ജെ കുര്യന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി ജ.സിറിയക്ക് ജോസഫിനെ പരിഗണിച്ചപ്പോള്‍ സെര്‍ച്ച് കമ്മിറ്റി അംഗമായിരുന്ന താന്‍ വ്യക്തിപരമായി ഇക്കാര്യം അന്വേഷിച്ചെന്നായിരുന്നു പി.ജെ. കുര്യന്റെ വാദം.

ഇ.പി. ജയരാജന്‍, ലൂസി, പന്ന്യന്‍ രവീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജസ്റ്റിസ് നാരായണക്കുറുപ്പ് എന്നിവരെല്ലാം പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അഭയയുടെ ഇന്‍ക്വസ്റ്റ് നടത്തിയ എ.എസ്.ഐ വി.വി. അഗസ്റ്റിനും കെ.ടി.മൈക്കിളും നടത്തിയ നിയമലംഘനങ്ങളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍.

Leave A Reply

Your email address will not be published.