സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പിന്റെ വിന്‍ഡ് മില്‍ പ്രോജക്ട്; കൊളംബോയില്‍ പ്രതിഷേധം ശക്തം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഇന്ത്യയിലെ കോര്‍പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുന്ന വിന്‍ഡ് മില്‍ പ്രോജക്ടിനെതിരെ (Wind mill project) ജനകീയ പ്രതിഷേധം ശക്തമാകുന്നു.
ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ പ്രദേശമായ മാന്നാറില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനെതിരെയാണ് ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വ്യാഴാഴ്ച പ്രതിഷേധം അരങ്ങേറിയത്.ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ രാജി വെക്കണമെന്ന് (President Gotabaya go home) ആവശ്യപ്പെട്ട് പ്രതിഷേധസമരം നയിക്കുന്നവര്‍ തന്നെയാണ് അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കുന്നതിനെതിരെയും പ്രതിഷേധിക്കുന്നത്.
അദാനി ഗ്രൂപ്പ് പദ്ധതി ഏറ്റെടുത്തതിലുള്ള സുതാര്യത ചോദ്യം ചെയ്ത് കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പിനെതിരായ മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്ററി ഓവര്‍സൈറ്റ് കമ്മിറ്റിയാണ് 500 മെഗാവാട്ടിന്റെ വിന്റ്മില്‍ പദ്ധതി അദാനി ഗ്രൂപ്പിന് നല്കാന് തീരുമാനമെടുത്തത്. ഇതിന് പിന്നാലെ തന്നെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു.ശ്രീലങ്കയില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നതിലുള്ള ഞങ്ങളുടെ ഉദ്ദേശം, അയല്‍രാജ്യത്തിന്റെ ആവശ്യങ്ങളെ വിലമതിക്കുക, നേരിടുക എന്നുള്ളതാണ്.ഉത്തരവാദിത്തമുള്ള ഒരു കോര്‍പറേറ്റ് എന്ന നിലയില്‍, ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ എല്ലായ്പോഴുമുള്ള നല്ല ബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്,” വിവാദത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.