മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു,മധുവിൻറെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

0

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിൻറെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസിൽ പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവയ്‌ക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം…

മധു വധക്കേസിൻറെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിൻറെ അമ്മയും സഹോദരിയും രംഗത്തു വന്നത്.

ഈ അപേക്ഷ നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. അപേക്ഷയില്‍ തീരുമാനമാവുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നായിരുന്നു കുടുംബത്തിൻറെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിചാരണകോടതിയെ സമീപിച്ചെങ്കിലും, പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരായതിനാൽ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

ഇതോടെയാണ് ഇവർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്. കേസിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് കേസിൽ കൂറുമാറിയത്. നേരത്തെ മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ഇയാൾ മൊഴി നൽകിയിരുന്നത്. കോടതിയിൽ രഹസ്യ മൊഴി നൽകിയപ്പോളും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ വിസ്താരത്തിനിടെ ചന്ദ്രൻ മൊഴി മാറ്റി പറയുകയായിരുന്നു

Leave A Reply

Your email address will not be published.