അളിയാ, ഇതെനിക്ക് അത്ര എക്‌സൈറ്റിങ്ങായി തോന്നുന്നില്ല, വര്‍ക്കാവില്ല, എന്നായിരുന്നു ആദ്യം കഥ പറയാന്‍ വന്നപ്പോള്‍ ഞാനവനോട് പറഞ്ഞത്: ടൊവിനോ തോമസ്

0

നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ടൊവിനോ തോമസിനെയും കീര്‍ത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ജൂണ്‍ 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

വിഷ്ണുവും ടൊവിനോയും കീര്‍ത്തിയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുള്ള വിഷ്ണു നടനായും കഴിവ് തെളിയിച്ചയാളാണ്.

വിഷ്ണു വാശിയുടെ കഥ പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ.

സുഹൃത്തുക്കളായത് കൊണ്ട് തന്നെ കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന അവതാരകന്റെ കമന്റിനാണ് ടൊവിനോ മറുപടി നല്‍കുന്നത്.

”അങ്ങനെയല്ല. കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യേണ്ട കാര്യം തീര്‍ച്ചയായും ഉണ്ട്. അങ്ങനെയുള്ള ഒരു പരസ്പര ബഹുമാനം എന്തായാലും ഉണ്ട്. ഒരു സംവിധായകനോടുള്ള ബഹുമാനം എനിക്കും ഒരു നടനോടുള്ള ബഹുമാനം വിഷ്ണുവിനുമുണ്ട്.

സൗഹൃദത്തിന് അപ്പുറം അങ്ങനെയുള്ള റെസ്പക്ട് ഞങ്ങള്‍ തമ്മില്‍ എന്തായാലും ഉണ്ട്.

ആദ്യമായി ഇവന്‍ എന്റെയടുത്ത് ഇതിന്റെയൊരു ബേസിക് ഫസ്റ്റ് ഡ്രാഫ്റ്റ് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്, ‘അളിയാ, ഇതെനിക്ക് അത്രക്കങ്ങ് എക്‌സൈറ്റിങ്ങായി തോന്നുന്നില്ല, വര്‍ക്കാവുന്നില്ല,’ എന്നായിരുന്നു.

പക്ഷെ അതിന്റെ പേരില്‍ ഇവന്‍ എന്റെയടുത്ത് മിണ്ടാതിരുന്നിട്ടില്ല. ഞങ്ങളുടെ സൗഹൃദം അതിനും മുകളിലാണ്. ആ കഥ പറഞ്ഞതിന് ശേഷവും ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥിരമായി വിളിച്ച് കഥകളും വിശേഷങ്ങളുമൊക്കെ പറയുന്ന ആള്‍ക്കാരാണ്. ഇടയ്ക്ക് കാണുന്ന ആള്‍ക്കാരാണ്.

വിഷ്ണു എറണാകുളത്ത് വന്നാല്‍, ഞാനും അവിടെ ഉണ്ടെങ്കില്‍ ഒന്നുകില്‍ അനുവിന്റെ ഫ്‌ളാറ്റില്‍ കാണും. അല്ലെങ്കില്‍ എവിടെയെങ്കിലും ഞങ്ങള്‍ മീറ്റ് ചെയ്ത് കുറച്ച് നേരം സംസാരിച്ചിരിക്കും. കാരണം, എ.ബി.സി.ഡി സിനിമ മുതലുള്ള സുഹൃത്തുക്കളല്ലേ.

അത് കഴിഞ്ഞ് കുറേ കാലം കഴിഞ്ഞ് ഇവന്‍ എന്റെയടുത്ത് വന്ന് നരേറ്റ് ചെയ്തപ്പോള്‍ മുമ്പ് പറഞ്ഞ കഥ തന്നെയാണ് എന്ന് എനിക്ക് മനസിലായി, പക്ഷെ അന്ന് പറഞ്ഞ പോലെയേ ഇല്ല.ബേസിക് കഥ അത് തന്നെയാണെങ്കിലും ഇവന്‍ അതില്‍ വര്‍ക്ക് ചെയ്ത് കുറേ ലെയേഴ്‌സൊക്കെ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് വളരെ സന്തോഷം തോന്നി.

അതേ കഥ കുറേ കാലം കഴിഞ്ഞ് എന്റെയടുത്തേക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ വളരെ സ്‌കെപ്റ്റിക്കലായി ആയിരിക്കും അത് കേള്‍ക്കുക, കാരണം ഒരിക്കല്‍ അത് കേട്ട് അതെനിക്ക് വര്‍ക്കായില്ല എന്ന് ഞാന്‍ അവനോട് പറഞ്ഞതാണ്.

മഹേഷ് നാരായണന്റെയും ബോബി- സഞ്ജയ്മാരുടെയും കൂടെ ഇരിക്കുകയും വര്‍ക്ക് ചെയ്യുകയും ചെയ്തു. ഇവനും ഇതിന് പിന്നാലെയായിരുന്നു നാലഞ്ച് വര്‍ഷമായി, 2017 മുതല്‍.

ഇത്രയും സമയം ആ സിനിമയ്ക്ക് വേണ്ട റിസര്‍ച്ച് ചെയ്തും കോടതി പ്രൊസീഡിങ്‌സ് കണ്ടുമൊക്കെ ഒരു ഫൈനല്‍ ഡ്രാഫ്റ്റുമായാണ് ഇവന്‍ എന്നെ കാണാന്‍ വരുന്നത്. ഫാമിലി ഡ്രാമയും കോര്‍ട്ട് ഡ്രാമയും ആദ്യം പറഞ്ഞതിനേക്കാള്‍ ഭയങ്കര ഭംഗിയായി പറഞ്ഞു. ഇതൊക്കെ കേട്ടാല്‍ തന്നെ, പണിയെടുത്തിട്ടുണ്ട് എന്ന് നമുക്ക് മനസിലാകും.

അന്ന് കിട്ടാത്ത ഒരു സാറ്റിസ്ഫാക്ഷന്‍ ഈ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടി. ഞാന്‍ അവസാനം വരെയും, എന്നിട്ട് ഇനി എന്താണ് ഉണ്ടാകാന്‍ പോകുന്നത്, എന്ന് ആലോചിച്ചിരുന്ന് അവസാനം പടം കഴിയാറായപ്പോള്‍ എനിക്ക് തോന്നി ഇത് നല്ലൊരു സിനിമയാണ് എന്ന്,” ടൊവിനോ തോമസ് പറഞ്ഞു.

Leave A Reply

Your email address will not be published.