ലോക്‌സഭയില്‍ കേരളത്തിലെ ഒരേയൊരു ഇടതുശബ്ദം; പാര്‍ലമെന്റിലെ മൂന്ന് വര്‍ഷങ്ങള്‍ ഓര്‍ത്തെടുത്ത് എ.എം. ആരിഫ്

0

ആലപ്പുഴ: പാര്‍ലമെന്റില്‍ ആലപ്പുഴയുടെയും കേരളത്തിന്റെയും ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ടെന്ന് ആലപ്പുഴ എം.പി. എ.എം. ആരിഫ്. ലോക്‌സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എ.എം. ആരിഫിന്റെ പ്രതികരണം.

സഭയില്‍ കൃത്യമായി ഹാജരായി ഡിബേറ്റുകളില്‍ പങ്കെടുക്കുവാനും ചോദ്യങ്ങള്‍ ഉയര്‍ത്തി എന്നെ തെരഞ്ഞെടുത്തവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയും മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ആരിഫ് പറഞ്ഞു.പുതിയ അംഗം എന്ന നിലയിലും ഹിന്ദിയും പ്രാദേശിക ഭാഷകളും മാത്രം വശമുള്ള അംഗങ്ങളാണ് ഏറെയും സഭയിലുള്ളത് എന്നതുകൊണ്ടും കുറച്ചുബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് മറികടക്കാനും എല്ലാവരുമായി ഊഷ്മളമായ ബന്ധം ഉണ്ടാക്കാനും കഴിഞ്ഞു. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമല്ല കേരളത്തില്‍ എമ്പാടുനിന്നും, കൂടാതെ ഇന്ത്യയുടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പല വിഷയങ്ങളും ശ്രദ്ധയില്‍പ്പെടുത്താന്‍ ഒട്ടേറെപേര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ എല്ലാം തന്നെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തന്നെക്കൊണ്ട് കഴിയുന്ന കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് ആരിഫ്.

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ രണ്ട് വര്‍ഷത്തിനടുത്ത് എം.പി ഫണ്ട് ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. അതിനു മുമ്പും ശേഷവും അനുവദിക്കപ്പെട്ട ഫണ്ട് കൃത്യമായ മുന്‍ഗണനകള്‍ക്ക് വിധേയമായി ആനുപാതികമായി എല്ലായിടത്തും നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കൃത്യമായ ഫോളോ അപ്പ് ചെയ്ത് നല്ല പ്രവര്‍ത്തനം നടത്തി. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. ഇതുവരെ തന്നോടൊപ്പം നിന്ന മുഴുവന്‍ പേര്‍ക്കും നന്ദി. കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒപ്പം ഇനിയുമുണ്ടാകുമെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

2019 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ
ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയാണ് എ.എം. ആരിഫ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തില്‍ നിന്ന് വിജയിച്ച ഏക പ്രതിനിധിയും ആരിഫ് ആയിരുന്നു.

Leave A Reply

Your email address will not be published.