കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യു.എന്‍

0

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിലെ യു.എന്നിന്റെ മിഷനാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

”ഇന്ന് കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ (യു.എന്‍.എ.എം.എ- UNAMA) ശക്തമായി അപലപിക്കുന്നു. സിവിലിയന്‍സിന് നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം.

സിഖുകാര്‍, ഹസാരാസ്, സൂഫികള്‍ എന്നിവരടക്കമുള്ള എല്ലാ ന്യൂനപക്ഷങ്ങളും അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരായിരിക്കണമെന്നാണ് യു.എന്‍.എ.എം.എ ആവശ്യപ്പെടുന്നത്,” യു.എന്‍.എ.എം.എ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

ഗുരുദ്വാരക്ക് നേരെ നടന്ന ഭീരുക്കളുടെ ആക്രമണത്തെ ഏറ്റവും ശക്തമായ രീതിയില്‍ തന്നെ അപലപിക്കേണ്ടതുണ്ട്. ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഞങ്ങള്‍ അവിടത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

കമ്യൂണിറ്റിയുടെ ക്ഷേമമാണ് ഞങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയം,” ജയശങ്കര്‍ ട്വീറ്റ് ചെയ്തു.ശനിയാഴ്ച രാവിലെയായിരുന്നു കാബൂള്‍ സിറ്റിയിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുദ്വാരയുടെ ഗേറ്റിന് സമീപത്ത് വെച്ച് സ്‌ഫോടനം നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഗുരുദ്വാരക്കുള്ളില്‍ നിന്നും സ്‌ഫോടനശബ്ദം കേള്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ഒരു സിഖുകാരനും ഒരു സുരക്ഷാ ജീവനക്കാരനും (അഹ്മദ്) കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. അഫ്ഗാനിസ്ഥാന്‍ മാധ്യമമായ ടോളോ ന്യൂസ് ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.

അക്രമികള്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കയറിയ സമയത്ത് 25 മുതല്‍ 30 വരെ ആളുകള്‍ അവിടെ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ പത്ത് മുതല്‍ 15 വരെ ആളുകള്‍ക്ക് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നും എന്നാല്‍ കുറച്ച് പേര്‍ ഇപ്പോഴും ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.