ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റ്, പിന്തുണച്ചവര്‍ക്ക് നന്ദി; വിവാദങ്ങളില്‍ വിശദീകരണവുമായി സായ് പല്ലവി

0

കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന പരാമര്‍ശത്തോടനുബന്ധിച്ചുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടി സായ് പല്ലവി. താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ഒരു വീഡിയോ ശകലം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സായ് പല്ലവി പറഞ്ഞു.

‘വളരെ ആലോചിച്ച് മാത്രം കാര്യങ്ങള്‍ പറയുന്ന ആളാണ് ഞാന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളത് എന്ന് കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നില്‍ വലിയ സ്വാധീനം ചെലുത്തിയ രണ്ട് ഉദാഹരണങ്ങള്‍ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം കണ്ടതിന് ശേഷം അതിന്റെ സംവിധായകനോട് സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ജനങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ അസ്വസ്ഥയായി. അതിന് ശേഷം കൊവിഡ് കാലത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും ഞാന്‍ പറഞ്ഞു.

ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും വലിയ തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയ്ക്ക് എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ട് എന്നാണ് വിശ്വസിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരിക്കുമ്പോള്‍ ആരെയും സംസ്‌കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. ആ അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായ വ്യക്തിത്വങ്ങളും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി,’ സായ് പല്ലവി പറഞ്ഞു.

Leave A Reply

Your email address will not be published.