27 വർഷത്തെ തങ്ങളുടെ സേവനത്തിന് ശേഷം ജൂൺ 15-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി മൈക്രോ സോഫ്റ്റ് പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ആദ്യത്തെ ബ്രൗസറുകളിൽ ഒന്നാണിത്. ഇത് കൊണ്ട് തന്നെ ഒരു വലിയ ആരാധകവൃന്ദവും എക്സ്പോളററിന് സ്വന്തമായുണ്ട്
അത്തരത്തിൽ ഒരു ആരാധകനാണ് ദക്ഷിണ കൊറിയയിൽ ഇന്റർനെറ്റ് എക്സ്പ്ലോററിനായി ശവക്കല്ലറ സ്ഥാപിച്ചത്. ദക്ഷിണ കൊറിയയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ജുങ് കി-യങ്ങാണ് ഇത്തരമൊരു കാര്യത്തിന് പിന്നിൽ.
എക്സ്പ്ലോററിന്റെ “ഇ” ലോഗോയും ഇംഗ്ലീഷ് എപ്പിറ്റാഫും ഉള്ള ഒരു ഹെഡ്സ്റ്റോണും ഇതിനായി കല്ലറക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. തൻറെ സഹോദരൻറെ കഫേയിലാണ് ആദ്യമായി സ്മാരകം ജുങ് കി-യങ്ങ് പ്രദർശിപ്പിച്ചത്. ഇതോടെ സംഭവം വൈറലായി.
തന്റെ ജോലിയിൽ വലിയ പങ്കുവഹിച്ച പഴയ ആ സോഫ്റ്റ്വെയറിനോടുള്ള ഇഷ്ടമാണ് ഇതിന് പിന്നിലെന്ന് യങ്ങ് പറഞ്ഞു. ഒരു തരത്തിൽ ഇത് മറക്കാൻ പറ്റാത്ത വേദന എന്നാണ് യങ്ങ് എക്സ്പോളററിൻറെ അഭാവത്തിനെ ചൂണ്ടിക്കാണിക്കുന്നത്.
1995-ൽ സമാരംഭിച്ച എക്സ്പ്ലോറർ ഒരു ദശാബ്ദത്തിലേറെയായി ലോകത്തെ മുൻനിര ബ്രൗസറുകളിൽ ഒന്നായിരുന്നു.1990 കളിൽ പ്രബലമായ അന്നത്തെ ബ്രൌസർ നെറ്റ്സ്കേപ്പിനെതിരായിരുന്നു എക്സ്പ്ലോററിൻറെ ആദ്യ മത്സരം.
പിന്നീട് ഫയർഫോക്സ് (2004), ഗൂഗിൾ ക്രോം (2008) എന്നിവ ആരംഭിച്ചതോടെ ഇന്റർനെറ്റ് എക്സ്പ്ലോററിൻറെ സ്വീകാര്യത കുറഞ്ഞു. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് ആളുകൾ തിരിഞ്ഞതോടെ ഇത് തീർത്തും കുറഞ്ഞു.