ന്യൂഡൽഹി: ഇനി ഗ്രൂപ്പ് കോളിനിടെയിൽ ആരുടെയെങ്കിലും സൈഡിൽ നിന്ന് വലിയ ബഹളമായാൽ മ്യൂട്ടാക്കാൻ പറഞ്ഞിട്ടും കേൾക്കുന്നില്ലെങ്കിൽ പുതിയ ഓപ്ഷനുണ്ട്. പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്.
ഗ്രൂപ്പ് കോളിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഐഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് പുതിയ അപ്ഡേറ്റ് ലഭിക്കുക.ഗ്രൂപ്പ് കോളുകൾക്കിടയിൽ ആരെയെങ്കിലും മ്യൂട്ട് ചെയ്യണമെങ്കിൽ അയാൾക്ക് സ്വയമല്ലാതെ ഗ്രൂപ്പിലെ മറ്റൊരാൾക്ക് അയാളെ മ്യൂട്ട് ചെയ്യാൻ സാധിക്കും.നേരത്തെ ഗ്രൂപ്പ് മുഴുവനും മ്യൂട്ട് ചെയ്യുകയായിരുന്നു ഏക വഴി. പുതിയ അപ്ഡേറ്റ് ഗ്രൂപ്പ് കോളുകൾ കൂടുതൽ മികച്ചതാക്കുമെന്നാണ് കരുതുന്നത്.ഗ്രൂപ്പ് കോളിനായുള്ള അംഗങ്ങളുടെ എണ്ണവും അടുത്തിടെ വാട്സാപ്പ് വർധിപ്പിച്ചിരുന്നു. നേരത്തെ എട്ട് പേർക്ക് മാത്രമേ ഗ്രൂപ്പ് കോളിൽ ചേരാൻ കഴിയുമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ 32 പേരെ വരെ ഗ്രൂപ്പ് വോയ്സിൽ ഉൾപ്പെടുത്താനാവും.
വെള്ളിയാഴ്ചയാണ് പുതിയ മ്യൂട്ട് ഓപ്ഷൻ വാട്സാപ്പ് പുറത്തിറക്കിയത്. അപ്ഡേറ്റിൽ, കോൾ സമയത്ത് ഒരു പ്രത്യേക പങ്കാളിക്ക് സന്ദേശമയയ്ക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഒരു കോളിൽ ഉള്ളയാളെ നിശബ്ദമാക്കാനോ സന്ദേശമയയ്ക്കാനോ അയാളുടെ നെയിം കാർഡ് അമർത്തി പിടിക്കണം. ഇതോടെ നിങ്ങൾക്ക് മെസ്സേജ് സൈലൻറാക്കാനുള്ള ഓപ്ഷൻ ലഭിക്കും.
ഗ്രൂപ്പ് കോളിനിടയിൽ മറ്റൊരാൾ മ്യൂട്ടാക്കിയാലും അൺമ്യൂട്ട് ബട്ടൺ അമർത്തി ആളുകൾക്ക് സ്വയം അൺമ്യൂട്ടുചെയ്യാനാകും. പുതിയ ഫീച്ചർ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്.ഗ്രൂപ്പ് കോളിൽ താൻ മ്യൂട്ടാണോ എന്ന് ഉപയോക്താവിന് അറിയാനും സാധിക്കും.