ബി.ജെ.പി ഓഫീസുകള്‍ അല്ല രാജ്യത്തെയാണ് സൈനികര്‍ സംരക്ഷിക്കേണ്ടത്: കൈലാഷ് വിജയവര്‍ഗിയക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

0

ന്യൂദല്‍ഹി: വിരമിക്കുന്ന അഗ്‌നിവീര്‍ സൈനികര്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി ജോലി നല്‍കുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സ്വാതന്ത്ര്യത്തിന്റെ 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ സൈനികരെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.യുവാക്കളേ, സൈന്യത്തില്‍ ചേരാനുള്ള മനസ്സുണ്ടായിരിക്കുക, ബി.ജെ.പി ഓഫീസുകള്‍ സംരക്ഷിക്കാനല്ല, മറിച്ച് രാജ്യത്തെ സംരക്ഷിക്കുകയാണ് വേണ്ടത്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ മൗനം അധിക്ഷേപത്തിന്റെ മുദ്രയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം വിരമിക്കുന്ന അഗ്‌നിവീര്‍ സൈനികര്‍ക്ക് ബി.ജെ.പി ഓഫീസില്‍ സെക്യൂരിറ്റി ജോലിക്ക് മുന്‍ഗണ നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

അഗ്‌നിപഥിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഇന്‍ഡോറില്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.

അഗ്‌നിപഥ് പദ്ധതി രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കരസേനയെ റിക്രൂട്ട് ചെയ്യുന്നതെന്നും കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചിരുന്നു.

നാലുവര്‍ഷം കഴിഞ്ഞ് അഗ്‌നിവീര്‍ സൈനികര്‍ പുറത്ത് വരുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപ ലഭിക്കും. ബി.ജെ.പി ഓഫീസിലേക്ക് കാവല്‍ക്കാരെ നിയമിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം പരിഗണന നല്‍കുക അവര്‍ക്കായിരിക്കും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.

പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കൈലാഷ് വിജയവര്‍ഗിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.യുവാക്കള്‍ ഊണും ഉറക്കവുമില്ലാതെ ശാരീരിക പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് ബി.ജെ.പി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ലെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

Leave A Reply

Your email address will not be published.