ഈ കാര്യത്തില്‍ പന്ത് വിരാടിനൊപ്പം തന്നെ നില്‍ക്കും

0

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം മഴ മൂലം ഉപക്ഷേിച്ചു. മത്സരത്തില്‍ ആകെ 3.2 ഓവര്‍ മാത്രമേ കളിച്ചുള്ളു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇതോടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.

പരമ്പരയില്‍ അപൂര്‍വ റെക്കോഡുമായാണ് താല്‍ക്കാലിക ക്യാപ്റ്റനായ റിഷബ് പന്ത് മടങ്ങുന്നത്. അഞ്ച് മത്സരത്തിലും താരത്തിന് ടോസ് വിജയിക്കാന്‍ സാധിച്ചില്ല. ആദ്യ നാല് മത്സരത്തില്‍ ടെംബാ ബെവുമ ആയിരുന്നു അപ്പുറമെങ്കില്‍ ഇത്തവണ പുതിയ ക്യാപ്റ്റനായ കേശവ് മഹാരാജ് ആയിരുന്നു, എന്നിട്ടും പന്തിനെ ഭാഗ്യം തുണച്ചില്ല.

തുടര്‍ച്ചായായി അഞ്ച് തവണയും ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തീരുമാനം. ആദ്യ രണ്ട് മത്സരത്തില്‍ മികച്ച ചെയിസിങ് നടത്തിയ ദക്ഷിണാഫ്രിക്ക പക്ഷെ പിന്നീടുള്ള രണ്ട് മത്സരത്തിലും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ടോസ് തോല്‍ക്കുന്ന കാര്യത്തില്‍ പേരുകേട്ട ക്യാപ്റ്റനാണ് വിരാട് കോഹ്‌ലിയും. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ടോസ് നഷ്ടമായതോടെ പന്തിനെയും വിരാടിനെയും വെച്ചുള്ള ഒരുപാട് മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.വളരെ മോശം പ്രകടനമാണ് പന്ത് ഈ പരമ്പരയില്‍ കാഴ്ചവെച്ചത്. നാല് മത്സരത്തില്‍ നിന്നും വെറും 57 റണ്ണാണ് താരം നേടിയത്. അവസാന മത്സരം പന്തിന് ഒരുപാട് നിര്‍ണായകമായിരുന്നു എന്നാല്‍ മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ഇനി വരുന്ന പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ താരത്തിന് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളു.

2-2 എന്ന നിലയില്‍ അവസാനിച്ച പരമ്പരയില്‍ ആദ്യ രണ്ട് മത്സരം ദക്ഷിണാഫ്രിക്കയായിരുന്നു വിജയിച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തില്‍ ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.

രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 131ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ് ഇന്ത്യയെ മികച്ച ടോട്ടല്‍ നേടാന്‍ സഹായിച്ചത്.

മൂന്നാം മത്സരത്തില്‍ ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും യുസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റുകള്‍ നേടി. ചഹലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.നാലാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര സമനിലയില്‍ എത്തുകയായിരുന്നു.

Leave A Reply

Your email address will not be published.