പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ സംഗീതത്തിനും പുസ്തകങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഉക്രൈന്‍

0

കീവ്: റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സംഗീതത്തിനും പുസ്തകങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഉക്രൈന്‍. പൊതുഇടങ്ങളിലും മാധ്യമങ്ങളിലുമാണ് നിരോധനം ബാധകമാകുക.

ഉക്രൈന്‍ പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാര്‍ലമെന്റ് തീരുമാനപ്രകാരം റഷ്യയില്‍ നിന്നും ബെലാറസില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും രാജ്യത്ത് നിരോധനമേര്‍പ്പെടുത്തും.

എന്നാല്‍ എല്ലാ റഷ്യന്‍ മ്യൂസിക്കിനും നിരോധനം ബാധകമായിരിക്കില്ല. ഉക്രൈന്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ട 1991ന് ശേഷം റഷ്യന്‍ പൗരന്മാരായ, ആയിരുന്ന ആളുകളുടെ സംഗീതമാണ് ഉക്രൈന്‍ നിരോധിച്ചിരിക്കുന്നത്.

റഷ്യന്‍ പൗരന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യുന്നതിനും ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിനും വിലക്ക് ബാധകമായിരിക്കും.
‘റഷ്യ ഉക്രൈനില്‍ നടത്തുന്ന യുദ്ധത്തെ അപലപിച്ചിട്ടുള്ള ആര്‍ടിസിറ്റുകള്‍ക്ക് വിലക്കില്‍ നിന്നും ഒഴിവാകുവാന്‍ വേണ്ടി ഉക്രൈന്‍ സെക്യൂരിറ്റി സര്‍വീസിന് അപേക്ഷ നല്‍കാമെന്നും’ ഉക്രൈന്‍ വ്യക്തമാക്കി.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുമ്പ് മരണപ്പെട്ട സംഗീതജ്ഞരുടെ ഗാനങ്ങള്‍ക്ക് രാജ്യത്ത് വിലക്കുണ്ടായിരിക്കില്ല.ഞായറാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ പാസാക്കിയത്. പാര്‍ലമെന്റിലെ 450 ഡെപ്യൂട്ടിമാരില്‍ 303 പേരും ബില്ലിനെ പിന്തുണച്ചു.

ബില്‍ പാസായതോടെ ഉക്രൈനിലെ ടെലിവിഷന്‍ ചാനലുകളിലോ റേഡിയോയിലോ സ്‌കൂളുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ഹോട്ടലുകളിലോ സിനിമാ തിയേറ്ററുകളിലോ മറ്റ് പൊതുഇടങ്ങളിലോ ഇനിമുതല്‍ റഷ്യന്‍ മ്യൂസിക് പാടില്ല.

”ഉക്രൈനിന്റെ കള്‍ചറല്‍ സ്‌പേസില്‍ നാഷണല്‍ മ്യൂസിക് പ്രൊഡക്ടുകള്‍ വര്‍ധിപ്പിക്കുക,” എന്നതും ബില്ലിന്റെ ലക്ഷ്യമാണെന്ന് പാര്‍ലമെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

റേഡിയോയില്‍ പ്ലേ ചെയ്യുന്ന ഉക്രൈനിയന്‍ പാട്ടുകള്‍ 40 ശതമാനമായി ഉയര്‍ത്തുക, 75 ശതമാനം ഡെയ്‌ലി പ്രോഗ്രാമുകളിലും ഉക്രൈനികളെ ഉള്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളും പാര്‍ലമെന്റില്‍ മുന്നോട്ട് വെച്ചിട്ടുള്ളതായി ഉക്രൈന്റെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബില്ലില്‍ ഒപ്പ് വെക്കേണ്ടതുണ്ട്.

Leave A Reply

Your email address will not be published.