യോഗ ഭാരതീയ സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് എന്ന് നമുക്കറിയാം. വളരെ പുരാതന കാലം മുതല്‍ ഋഷി മുനിമാര്‍ ശീലിച്ചിരുന്നതും അവര്‍ ആരോഗ്യകരമായ ജീവിതം നയിച്ചിരുന്നതും യോഗയുടെ പിന്‍ബലത്തിലാണ് എന്നാണ് പറയപ്പെടുന്നത്.
ഇന്ന് യോഗ പരിശീലിക്കുന്നവരെ ലോകം മുഴുവന്‍ കാണുവാന്‍ സാധിക്കും. അതായത്, ലോകം മുഴുവന്‍ യോഗയുടെ ശക്തിയിലും ഗുണങ്ങളിലും വിശ്വസിക്കുന്നു. അന്താരാഷ്ട്ര യോഗ ദിവസമായ ജൂൺ 21 ന് ഇന്ത്യയില്‍ മാത്രമല്ല ആഘോഷങ്ങള്‍ നടക്കുന്നത്, ലോകമാസകലം യോഗയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ആഘോഷങ്ങള്‍ നടക്കാറുണ്ട്.
എന്തുകൊണ്ടാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി തിരഞ്ഞെടുത്തത് എന്ന്? യഥാർത്ഥത്തിൽ ഇതിന് പിന്നിൽ വലിയ ഒരു കാരണം ഉണ്ട്. ആ കാരണവും ഒപ്പം എന്നാണ് അന്തരാഷ്ട്ര യോഗ ദിനം ആരംഭിച്ചത് എന്നും ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയവും പ്രാധാന്യവും അറിയാം.
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നു. 2014-ൽ, ഐക്യരാഷ്ട്രസഭയുടെ 69-ാമത് സമ്മേളനത്തിൽ പ്രസംഗിക്കവേ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാനുള്ള ആവശ്യകതയെക്കുറിച്ചും പരാമര്‍ശിച്ചത്. അതിനുശേഷം 2014 ഡിസംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ദിനാചരണ നിർദ്ദേശം ഐക്യരാഷ്ട്രസഭ അംഗീകരിയ്ക്കുകയും തുടര്‍ന്ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം 2015 ജൂൺ 21 ന് ആഘോഷിക്കുകയും ചെയ്തു.
2015 ലാണ് അന്താരാഷ്ട്ര യോഗ ദിനം ആരംഭിച്ചത്, അതിനുശേഷം എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കുന്നു.
വളരെ പുരാതന കാലം മുതല്‍ നമ്മുടെ ഋഷി മുനിമാര്‍ പരിശീലിച്ചിരുന്ന യോഗയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഗുണങ്ങള്‍ മനസിലാക്കിയതോടെ യോഗയ്ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇന്ന് യോഗ ആരോഗ്യം വീണ്ടെടുക്കാനുള്ള ഉപാധിയായി മാറിയിരിയ്ക്കുകയാണ്.
2022 ലെ അന്താരാഷ്ട്ര യോഗ ദിന സന്ദേശം മാനവികതയ്ക്കായി യോഗ പരിശീലിക്കാം എന്നതാണ്. ഇത്തവണ ഭിന്നശേഷിക്കാര്‍, ട്രാൻസ്ജെൻഡർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക യോഗാദിന പരിപാടികളും സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. 8-മത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വര്‍ഷം ആചരിയ്ക്കുന്നത്.
എല്ലാ വര്‍ഷവും ജൂൺ 21 യോഗ ദിനമായി ആഘോഷിക്കുന്നതിന് ചില കാരണങ്ങൾ പറയപ്പെടുന്നു .
ഒന്നാമതായി, വര്‍ഷത്തിലെ ഏറ്റവും ദൈഘ്യമേറിയ ദിവസമാണ് ജൂണ്‍ 21 എന്നത് തന്നെ. അതായത്, ഈ ദിവസം, സൂര്യരശ്മികൾ ഏറ്റവും കൂടുതൽ സമയം ഭൂമിയില്‍ കാണപ്പെടുന്നു. ഇത് മനുഷ്യരുടെ ആരോഗ്യവും ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിയ്ക്കുന്നു.
മറ്റൊരു കാരണം പറയുന്നത്, ജൂൺ 21 ന് സൂര്യന് ദക്ഷിണായനത്തിലേയ്ക്ക് കടക്കുന്നു. അതിനു ശേഷം വരുന്ന പൗർണ്ണമിയിലാണ് ഭഗവാന് ശിവന് തന്റെ 7 ശിഷ്യന്മാർക്ക് ആദ്യമായി യോഗ ദീക്ഷ നൽകിയത് എന്ന് പുരാണത്തില്‍ പറയുന്നു. ഇത് മതപരമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നിരുന്നാലും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിയ്ക്കുന്നതിന് പിന്നില്‍ ഇതും ഒരു കാരണമാണ്.