ഇസ്രഈലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനൊരുങ്ങി സര്‍ക്കാര്‍; മൂന്ന് വര്‍ഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് രാജ്യം
ടെല്‍ അവീവ്: ഇസ്രഈലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനൊരുങ്ങി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍. അടുത്തയാഴ്ചയോടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ വോട്ട് ചെയ്യും.
ബെന്നറ്റ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുമെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രി യായ്ര് ലാപിഡ് പകരം ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാര്‍ലമെന്റ് പിരിച്ചുവിടുന്നതോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ചാം തവണയായിരിക്കും ഇസ്രഈല്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുക. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അങ്ങനെയാണെങ്കില്‍ യായ്ര് ലാപിഡിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക.
സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകില്ലെന്നും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തയ്യാറാണെന്നും ബെന്നറ്റ് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഈ വരുന്ന ഒക്ടോബറോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും തിരിച്ചെത്താനുള്ള സാധ്യതകള്‍ ഇതിലൂടെ തുറക്കപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.സഖ്യ സര്‍ക്കാര്‍ ഒരു വര്‍ഷം തികക്കുന്ന ഘട്ടത്തിലാണ് ബെന്നറ്റിന് മുന്നില്‍ രാഷ്ട്രീയ പരീക്ഷണമെത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി സഖ്യ സര്‍ക്കാരില്‍ നിന്നും അംഗങ്ങള്‍ പോയതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.സര്‍ക്കാറിന്റെ തകര്‍ച്ച തടയാന്‍ ഇനി ഒന്നോ രണ്ടോ ആഴ്ച മാത്രമേ ഇസ്രഈല്‍ ഗവണ്മെന്റിന്റെ മുന്നിലുള്ളൂ എന്ന് നഫ്താലി ബെന്നറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാത്ത പക്ഷം സഖ്യസര്‍ക്കാര്‍ തകരുമെന്നും ബെന്നറ്റ് പറഞ്ഞിരുന്നു.
സഖ്യ സര്‍ക്കാരിന് വീണ്ടും ഒരംഗത്തിന്റെ കൂടി പിന്തുണ നഷ്ടപ്പെട്ടതോടെയായിരുന്നു ബെന്നറ്റ് വിഷയത്തില്‍ പ്രതികരിച്ചത്. ബെന്നറ്റിന്റെ തന്നെ പാര്‍ട്ടിയായ യമിനയിലെ (Yamina) അംഗം നിര് ഒര്‍ബാകാണ് (Nir Orbach) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ‘ഇത്രയും ദുര്‍ബലമായ സഖ്യ സര്‍ക്കാരിന് വേണ്ടി ഒപ്പം വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ചു,’ എന്നായിരുന്നു നിര് ഒര്‍ബാക് പ്രസ്താവനയില്‍ പറഞ്ഞത്.
120 അംഗ ഇസ്രഈലി പാര്‍ലമെന്റായ നെസറ്റില്‍ (Knesset) ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ ബെന്നറ്റ് സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകൂ.ഏപ്രിലില്‍ യമിനയില്‍ നിന്നുള്ള എം.പി ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെയായിരുന്നു സഖ്യസര്‍ക്കാരിന് ആദ്യം ഭൂരിപക്ഷം നഷ്ടമായത്.
വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഭരിക്കുന്നത്. 2021 ജൂണിലായിരുന്നു ബെന്നറ്റ് സര്‍ക്കാര്‍ ഇസ്രഈലില്‍ അധികാരത്തിലേറിയത്.