കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും നഴ്സിനും നേരെ ആക്രമണം; ഡ്യൂട്ടി നഴ്സിന് ​ഗുരുതര പരിക്ക്

0

കൊല്ലം: നീണ്ടകര താലൂക്ക്  ആശുപത്രിയിൽ ഡോക്ടർക്കും നഴ്സിനും നേരെ ആക്രമണം. ആക്രമണത്തിൽ ഡ്യൂട്ടി നഴ്സിന് ​ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നഴ്സ് ശ്യാമിലിയും ഡോക്ടർ ഉണ്ണികൃഷ്ണനും ചികിത്സയിലാണ്. 21ന് രാത്രി ഒൻപതരയ്ക്കാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി ബൈക്കിൽ എത്തിയ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ശ്യാമിലിയെ ചവിട്ടിവീഴ്ത്തി. സെക്യൂരിറ്റി ജീവനക്കാരനെയും അക്രമികൾ മർദിച്ചതായി പരാതിയുണ്ട്. ഫാർമസിയുടെ ജനൽ ചില്ലുകളും കസേരകളും  തല്ലിത്തകർത്ത സംഘം ഡോക്ടർക്ക് നേരെയും ആക്രമണം നടത്തി. കമ്പിവടി കൊണ്ടാണ് ഇവർ ആക്രമണം നടത്തിയതെന്ന് ഡോക്ടർ പറയുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി അതിക്രമം നടത്തിയത്‌.

ചവറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ജൂൺ പത്തൊമ്പതിന് അക്രമികളിലൊരാളുടെ മാതാവിന് ചികിത്സ വൈകിയെന്നാരോപിച്ചാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ ഡോക്ടർ പൊലീസിന് മൊഴി നൽകി.

പ്രതികളിൽ ഒരാൾ നീണ്ടകര സ്വദേശി വിഷ്ണു എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ രോ​ഗികൾ നീണ്ടകര താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അക്രമത്തെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി നിലച്ചത് രോഗികളെയും ബുദ്ധിമുട്ടിലാക്കി. ആരോഗ്യപ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെജിഎംഒഎ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

Leave A Reply

Your email address will not be published.