ഹിന്ദുത്വം കൈവിട്ടിട്ടില്ല, കോൺഗ്രസോ എൻ.സി.പിയോ ആണ് രാജിവെക്കാൻ ആവശ്യപ്പെട്ടതെങ്കിൽ മനസിലാക്കിയേനെ പക്ഷെ സ്വന്തം പ്രവർത്തകർ തന്നെ പറയുന്നത് ഞെട്ടിച്ചു”: ഉദ്ധവ് താക്കറെ

0

മുംബൈ : ശിവസേന ഹിന്ദുത്വത്തെ കൈവിട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യാറാണെന്നും എം. എൽ. എമാർ ആവശ്യപ്പെടുകയാണെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസോ എൻ.സി.പിയോ ആണ് രാജിയെന്ന ആവശ്യം മുന്നോട്ട് വച്ചതെങ്കിൽ അത് മനസിലാക്കാൻ ആകുമായിരുന്നുവെന്നും എന്നാൽ സ്വന്തം പാർട്ടിയിലെ പ്രവർത്തകർ തന്നെ തനിക്കെതിരെ തിരിഞ്ഞത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക്നാഥ് ഷിൻഡെയോടൊപ്പം പോയ എം ൽ. എൽ. എമാർ പറഞ്ഞത് ഭീഷണിപ്പെടുത്തി കൂട്ടികൊണ്ട് പോയെന്നാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെയാണ് താക്കറെയുടെ പരാമർശം.

“ഹിന്ദുത്വ വിശ്വാസം ഞങ്ങളുടെ ഓരോ ശ്വാസത്തിലുമുണ്ട്. അതിനെ ഒരിക്കലും ഞങ്ങളിൽ നിന്ന് അകറ്റാൻ കഴിയില്ല. ഹിന്ദുത്വക്ക് വേണ്ടി ആര് എന്തൊക്കെ ചെയ്തു എന്ന് പറയാനുള്ള സമയമല്ല ഇത്. ബാലസാഹെബ്‌ മുന്നോട്ട് വച്ച എല്ലാ ആശയങ്ങളെയും മുന്നോട്ട് നയിക്കാൻ തന്നെയാണ് തീരുമാനം. ശിവസൈനികർ ഒപ്പമുള്ളിടത്തോളം എനിക്ക് ഭയമില്ല. എം. എൽ. എമാർ ആഗ്രഹിക്കുകയാണെങ്കിൽ രാജിവെക്കാൻ തയ്യാറാണ്,” ഉദ്ധവ് താക്കറെ പറഞ്ഞു.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധികൾ രൂക്ഷമായിരുന്നു. ടൂറിസം മന്ത്രി എന്നത് ട്വിറ്ററില് നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.

നിലവിലെ സ്ഥിതിഗതികള് തുടരുകയാണെങ്കില് വരും ദിവസങ്ങളില് സര്ക്കാര് മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകള്. പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്ഡെ എം.എല്.എമാരുമായി ഒളിവില് പോയതോടെയാണ് മഹാരാഷ്ട്ര സര്ക്കാര് കനത്ത പ്രതിസന്ധിയിലായത്..

Leave A Reply

Your email address will not be published.