അനസ് കൊലപാതകം: മുഖ്യപ്രതിക്ക് ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ അറസ്റ്റിൽ

0

പാലക്കാട്:  പാലക്കാട്ടെ അനസിൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരൻ അറസ്റ്റിൽ. പ്രധാന പ്രതിയായ ഫിറോസിൻ്റെ സഹോദരനായ റഫീഖിനെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകരുതെന്ന ഉന്നത പൊലീസ് നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് ഈ നടപടി.മലപ്പുറം അരീക്കോട് ആംഡ് റിസർവ്വ് ക്യാമ്പിലെ പോലീസുകാരനായ റഫീഖിനെ രക്ഷിക്കാനായി കേസിന്റെ തുടക്കം മുതലേ പോലീസ് ശ്രമിച്ചിരുന്നു. ഫിറോസ് അനസിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു റഫീഖ് എന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. ശേഷം റഫീഖിൻ്റെ അറിവോടെയല്ല കൊലപാതകം നടന്നത് എന്നായി. ഒടുവിൽ അക്രമത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ കുരുക്ക് അഴിയുന്നത്.ക്രിക്കറ്റ് ബാറ്റുമായി അനസിനെ തേടിയിറങ്ങിയപ്പോൾ ഫിറോസിനെ പിന്നിലിരുത്തി ബൈക്ക് ഓടിച്ചത് റഫീഖ് ആയിരുന്നുവെന്ന് കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നിട്ടും റഫീഖിനെ ഒഴിവാക്കി പോലീസ് കേസെടുത്തതിൽ കൊല്ലപ്പെട്ട അനസിൻ്റെ കുടുംബം പരാതിയുമായി രംഗത്തുവന്നിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതാണ് എന്ന് പറയാതെ ഓട്ടോറിക്ഷയിടിച്ചതാണ് എന്ന് പറഞ്ഞായിരുന്നു അനസിനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലപാതകശേഷം റഫീക്ക് വിവരം മറയ്ക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു. സംഭവം നടന്നത് പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിന്റെ മുന്നിൽ വച്ചായിരുന്നു. വനിതകളുടെ ഹോസ്റ്റലിന് സമീപം പലതവണ അനസിനെ കണ്ടിരുന്നതായും വിലക്കിയിട്ടും പിന്‍മാറാന്‍ കൂട്ടാക്കാത്തതാണ് മർദനത്തിൽ നയിച്ചതെന്നും ഫിറോസ് മൊഴി നൽകിയിട്ടുണ്ട്. തലയിൽ ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റതാണ് അപകടത്തിന് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. 

Leave A Reply

Your email address will not be published.