ഭരണഘടനാ ഭേദഗതിയിലെ അതൃപ്തി; വാഫി, വഫിയ്യ കോളേജുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇ.കെ സമസ്ത

0

കോഴിക്കോട്: വാഫി, വഫിയ്യ കോര്‍ഡിനേഷന്‍ സമിതിയായ ഇസ്‌ലാമിക് കോളേജ് കൗണ്‍സിലു(സി.ഐ.സി)മായുള്ള ബന്ധം ഉപേക്ഷിച്ച് ഇ.കെ സമസ്ത.

മതപഠനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുന്ന ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായി ഒരു ബന്ധവുമില്ലെന്നാണ് സമസ്ത അറിയിക്കുന്നത്. സി.ഐ.സിയുടെ ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് സമസ്തയുടെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

വഫിയ്യ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമാണ്
ഭരണഘടനാ ഭേദഗതി പറയുന്നത്. സമസ്ത പ്രസിഡന്റ് സി.ഐ.സിയുടെ ഉപദേശക സമിതി അംഗമായിരുന്നു. എന്നാല്‍ ഭരണഘടനാ ഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാകണമെന്നില്ല. ഈ രണ്ട് ഭേദഗതിയാണ് സമസ്തയെ ചൊടിപ്പിച്ചത്.

ജൂണ്‍ എട്ടിന് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായുള്ള എല്ലാ സംഘടാബന്ധങ്ങളും ഉപേക്ഷിക്കാന്‍ സമസ്ത തീരുമാനിച്ചത്. സമസ്തയും ലീഗും തമ്മിലുള്ള തര്‍ക്കത്തില്‍ സി.ഐ.സിയെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നുവരുന്നുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. 90 ലധികം കോളേജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത്.

Leave A Reply

Your email address will not be published.