ഇതുപോലൊരു സിനിമ ചെയ്യാന്‍ ഇനി ഞാന്‍ പൃഥ്വിരാജിനോട് പറയണോ; മേജര്‍ രവിയോട് അല്‍ഫോണ്‍സ് പുത്രന്‍

0

പൃഥ്വിരാജിനെ നായകനാക്കി 2015ല്‍ മേജര്‍ രവിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന സിനിമയാണ് പിക്കറ്റ് 43. സാധാരണ മേജര്‍ രവി സിനിമകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കുറച്ചുകൂടി വൈകാരികമായ തലത്തില്‍ സൈനികരുടെ ജീവിതം കാണിച്ച ചിത്രമായിരുന്നു പിക്കറ്റ് 43.

പിക്കറ്റ് 43 പോലെയൊരു സിനിമ ഇനിയും ചെയ്യണമെന്ന് മേജര്‍ രവിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പിക്കറ്റ് 43 പോലെയൊരു സിനിമ ഇനിയും ചെയ്യണമെന്നും ഈ ആവശ്യം ഇനി താന്‍ പൃഥ്വിരാജിനോട് പറയണമോയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചു.

 

‘മേജര്‍ രവി സാര്‍, പിക്കറ്റ് 43 പോലെയൊരു സിനിമ വീണ്ടും ചെയ്യൂ. കുറച്ച് നാളുകള്‍ മുമ്പ് ഈ ചിത്രം കണ്ടപ്പോള്‍ ആദ്യം വിചാരിച്ചത് യുദ്ധത്തെ പറ്റിയുള്ള സിനിമയാണെന്നാണ്. എന്നാല്‍ താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് സൈനികരുടെ വ്യത്യസ്തമായ വീക്ഷണം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി ഞാന്‍ പൃഥ്വിരാജിനോട് പോയി പറയേണ്ടി വരുമോ അത്തരത്തിലുള്ള ഒരു സിനിമ ചെയ്യൂ എന്ന്. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നു അത്. ഈ പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളില്‍ നിന്ന് ഞാന്‍ വെറും വിഡ്ഢിത്തം പറയുകയല്ല എന്ന് നിങ്ങള്‍ക്ക് മനസിലാകും സര്‍,’ അല്‍ഫോണ്‍സ് കുറിച്ചു.

ഗോള്‍ഡാണ് ഇനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോണ്‍സിന്റെ ചിത്രം. നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.

പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.
Leave A Reply

Your email address will not be published.