അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ ,ആഗ്രഹം സാധിച്ചു കൊടുത്തു് യൂസഫലി

0

തിരുവനന്തപുരം: സൗദി അറേബ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള എബിൻ്റെ ആഗ്രഹം സാധിച്ചു. സൗദിയിലെ കമീസ് മുഷൈത്തില്‍ വെച്ച് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്‍റെ മൃതദേഹം  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ  അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കാനായത്.

കോഴിയോടുള്ള ബാബുവിൻ്റെ വീട്ടിൽ മൃതദേഹം എത്തിച്ച ശേഷം എട്ട് മണിയോടെ ചെക്കക്കോണം സെൻറ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.മൃതദേഹം കേരളത്തിലെത്തിയ്ക്കാന്‍ നിയമതടസ്സങ്ങളുണ്ടായിരുന്നു. സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ യുസഫലിയെ സമീപിച്ചതോടെയാണ് തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുങ്ങിയത്.

എബിന്‍റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വെച്ച് തന്നെ അധികൃതരുമായി സംസാരിയ്ക്കുകയും വേഗത്തില്‍ മൃതദേഹം  നാട്ടിലെത്തിയ്ക്കാമെന്ന് എബിന് ഉറപ്പ് നല്‍കുകയും ചെയ്തു. സ്പോണ്‍സറിനെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ്  ബാബു സൗദിയിൽ ജോലി ചെയ്തിരുന്നത്.

ഇതേ തുടർന്നുള്ള  പിഴകള്‍ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി കൊടുത്തു. ബാബുവിന്‍റെ ആദ്യ സ്പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറിയതോടെ മൃതദേഹം കേരളത്തിലെത്തിയ്ക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയായി.

ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാണ് മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ എല്ലാ ചെലവുകളും യൂസഫലി തന്നെയാണ് വഹിച്ചത്.

Leave A Reply

Your email address will not be published.