സ്വന്തം സര്‍ക്കാരിനെ രക്ഷിക്കാന്‍ കഴിയാത്തവരാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ രക്ഷിക്കാന്‍ പോയിരിക്കുന്നത്: ശിവരാജ് സിങ് ചൗഹാന്
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ പരാമര്‍ശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് ചൗഹാന്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനായി മഹാരാഷ്ട്രയിലേക്ക് പറഞ്ഞയച്ച എ.ഐ.സി.സിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ചൗഹാന്റെ പരാമര്‍ശം.
അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചിരിക്കുകയാണ്. എന്തിന് വേണ്ടി? അവിടത്തെ സര്‍ക്കാരിനെ രക്ഷിക്കാന്‍.
സ്വന്തം സര്‍ക്കാരിനെ പോലും രക്ഷിക്കാന്‍ കഴിയാതിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ രക്ഷിക്കാനാവുക. കോണ്‍ഗ്രസിന് ഇതില്‍ എന്തെങ്കിലും നല്ലത് ചെയ്യാനാകുമോ.
കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരിക്കുകയാണ്, എന്നാല്‍ അതിന്റെ നേതാവ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ്,” ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ നീക്കങ്ങളെ അനുനയിപ്പിക്കാനുള്ള മഹാവികാസ് അഘാഡി സഖ്യസര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് കമല്‍നാഥ് മഹാരാഷ്ട്രയിലെത്തിയത്. നിലവില്‍ അസമിലെ ഗുവാഹത്തിയിലാണ് ഷിന്‍ഡെ ഉള്ളത്.
2020ലായിരുന്നു കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. 20ലേറെ എം.എല്‍.എമാരുടെ പിന്തുണയോടെ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയായിരുന്നു ഇത്. പിന്നാലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയായിരുന്നു.മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു.
ശിവസേന ഹിന്ദുത്വത്തെ കൈവിട്ടിട്ടില്ലെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെടുകയാണെങ്കില് രാജിവെക്കാന്‍ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസോ എന്‍.സി.പിയോ ആണ് രാജിയെന്ന ആവശ്യം മുന്നോട്ട്വെച്ചതെങ്കില് അത് മനസിലാക്കാന്‍ ആകുമായിരുന്നുവെന്നും എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ തനിക്കെതിരെ തിരിഞ്ഞത് ഞെട്ടിച്ചുവെന്നും താക്കറെ പ്രതികരിച്ചു.
ഭരണപ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടുന്നത് പരിഗണനയിലില്ലെന്നും താക്കറെ വ്യക്തമാക്കിയിരുന്നു. നിയമസഭ പിരിച്ചുവിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംസാരിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും പറഞ്ഞിരുന്നു.