കള്ളക്കേസെടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യത്തില്‍ കെ. സുധാകരന്
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ വിധിയെന്ന് കെ. സുധാകരന് പറഞ്ഞു.
കള്ളമൊഴികളും വ്യാജറിപ്പോര്‍ട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച സി.പിഐ.എമ്മിന്റെയും സര്‍ക്കാരിന്റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന് പറഞ്ഞു.ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം ഹീനമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധത്തിനും അതീതനാണെന്ന സി.പി.ഐ.എമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്.
കന്റോണ്‍മെന്റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ച പൊലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നത് സമാന വിഷയങ്ങളിലെ പൊലീസിന്റെ ഇരട്ടനീതി വിചിത്രമാണ്,’ സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്സീന് മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയത്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തില്‍ സഞ്ചരിക്കവെ അതിനുള്ളില്‍ വെച്ചും മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തത്.