ജീവന് ഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിരുന്നു; പോലീസ് ജാ​ഗ്രത പുലർത്തിയില്ല, എഎസ്ഐയെ സസ്പെൻഡ് ചെയ്തു

0

ഉദയ്പൂർ: നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കനയ്യ ലാലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കനയ്യ ലാൽ മുൻപ് പരാതി നൽകിയിരുന്നതായി പോലീസ്. സംഭവത്തിൽ ജാ​ഗ്രത പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദയ്പൂരിലെ ധൻമൻഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ധൻമൻഡി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഭൻവർ ലാലിനെയാണ് സസ്പെൻഡ് ചെയ്തത്. കനയ്യ ലാൽ ടേലി ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

വധഭീഷണിയുണ്ടെന്ന് കനയ്യ ലാൽ പരാതി നൽകിയിട്ടും എഎസ്ഐ ഭൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ പതിനഞ്ചിനാണ് കനയ്യ ലാൽ പരാതി നൽകിയത്. രണ്ട് ദിവസത്തിന് ശേഷം ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു. പ്രവാചകനെതിരെ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് കൊണ്ട് സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് ശേഷം കനയ്യ ലാലിന് ചില സംഘടനകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ജൂൺ 15ന് കനയ്യ ലാൽ പരാതി അറിയിക്കുകയും ജൂൺ 17ന് പരാതി എഴുതി നൽകുകയും ചെയ്തു.

നൂപുർ ശർമയെ പിന്തുണയ്ക്കുന്ന വീഡിയോ എട്ട് വയസ്സുകാരൻ മകൻ മൊബൈലിൽ ഗെയിം കളിക്കുന്ന സമയത്ത് അബദ്ധത്തിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ടതാണെന്നാണ് കനയ്യ ലാലിന്റെ പരാതിയിൽ പറയുന്നത്. കണ്ടാൽ കൊന്നുകളയാൻ ആവശ്യപ്പെട്ട് ചിലർ തന്റെ ചിത്രം ചില സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതായും കനയ്യ ലാൽ പരാതിയിൽ വ്യക്തമാക്കി. തയ്യൽക്കട തുറക്കരുതെന്ന് ഭീഷണിയുണ്ടെന്നും കനയ്യ ലാൽ പരാതിയിൽ വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉദയ്പൂർ കൊലപാതകം എൻഐഎ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. എൻഐഎ സംഘം ഉദയ്പൂരിൽ എത്തി. ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദികൾക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

ബിജെപിയിൽ നിന്ന് പുറത്താക്കിയ മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാലിനെ പട്ടാപ്പകലാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തി തലയറുത്തുമാറ്റിയത്. അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ സംഘം ശേഖരിക്കും. അതേസമയം, സംഘർഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ഉദയ്പൂരിൽ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റു.

കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് കമ്പനിയെ ഉദയ്പൂരിൽ വിന്യസിച്ചു. ജയ്പൂരിൽ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാൻ ലോ ആൻഡ്  ഓർഡർ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.