ചരിത്രത്താളുകളില്‍ ലെജന്‍ഡുകള്‍ക്കൊപ്പം തങ്കലിപികളില്‍ ഇനി സഞ്ജുവിന്റെ പേരും

0

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് പരമ്പരയും ജയിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ പട തിരികെ വിമാനം കയറിയത്. ആദ്യ മത്സരത്തില്‍ ആധികാരികമായി ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ഐറിഷ് പട കീഴടങ്ങിയത്.

രണ്ടാം മത്സരം ഇന്ത്യ തോല്‍ക്കും എന്ന് ഹാര്‍ഡ്‌കോര്‍ ഇന്ത്യന്‍ ആരാധകനെ പോലും വിശ്വസിപ്പിച്ച ശേഷമായിരുന്നു അയര്‍ലന്‍ഡ് തോല്‍വി സമ്മതിച്ചത്. തോല്‍വിയിലും തലയുയര്‍ത്തി തന്നെയാണ് അയര്‍ലന്‍ഡിന്റെ ചുണക്കുട്ടികള്‍ മടങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരം അക്ഷരാര്‍ത്ഥത്തില്‍ ബാറ്റര്‍മാരുടേതായിരുന്നു. ഇന്ത്യന്‍ നിരയിലെ ചില താരങ്ങളെ പൂജ്യത്തിന് പുറത്താക്കിയതൊഴിച്ചാല്‍ ബാറ്റര്‍മാരായിരുന്നു കളം നിറഞ്ഞാടിയത്.

സഞ്ജുവിന്റെയും ദീപക് ഹൂഡയുടെയും കരുത്തില്‍ വമ്പന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. നീലക്കുറിഞ്ഞി പൂത്ത പോലെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനുള്ള അവസരം കിട്ടിയ സഞ്ജു ഒട്ടും മോശമാക്കിയില്ല. ടി-20യിലെ തന്റെ കന്നി അര്‍ധ സെഞ്ച്വറി നേടി 183.33 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ആറാട്ട്.

വിമര്‍ശകരുടെ ഒന്നാകെ വായടപ്പിച്ച മറുപടിയില്‍, സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകര്‍ക്ക് പോലും താരത്തെ പുകഴ്‌ത്തേണ്ട സ്ഥിതി വന്നിരുന്നു. സഞ്ജുവിനെ ടീമില്‍ ഒരിക്കലും എടുക്കരുത് എന്ന് ‘പറഞ്ഞവന്‍’ തന്നെയാണ് സഞ്ജുവിനെ പുകഴ്ത്തിയത് എന്നത് മറ്റൊരു കാവ്യനീതി.

കഴിഞ്ഞ മത്സരത്തിലെ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യയുടെ ചരിത്രപുസ്തകത്തിലേക്കാണ് സഞ്ജുവും ഹൂഡയും നടന്നുകയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ഐയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്.

ഇന്ത്യ കണ്ട എക്കാലത്തേയും ലെജന്‍ഡുകളായ വിനൂ മങ്കാദ്, പങ്കജ് റോയ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമാണ് ഇനി സഞ്ജുവിന്റെയും ഹൂഡയുടെയും സ്ഥാനം.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്പിന്റെ റെക്കോഡ് 66 വര്‍ഷമായി ഇന്നും തകര്‍ക്കപ്പെടാതെ കിടക്കുകയാണ്. 1956 ജനുവരി 11ന് ന്യൂസിലാന്‍ഡിനെതിരെ മങ്കാദും റോയിയും നേടിയ 413 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പാര്‍ട്‌നര്‍ഷിപ്പ്.

ഏകദിനത്തിലെ റെക്കോഡ് കൂട്ടുകെട്ട് സച്ചിനും ദ്രാവിഡും ചേര്‍ന്നാണ് ഇന്ത്യക്കായി പടുത്തുയര്‍ത്തിയത്. 1999 നവംബര്‍ എട്ടിനായിരുന്നു ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഏകദിന കൂട്ടുകെട്ട് സച്ചിനും ദ്രാവിഡും ചേര്‍ന്ന് അടിച്ചെടുത്തത്.

331 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. അന്നും എതിരാളികള്‍ കിവീസ് തന്നെയായിരുന്നു.

അയര്‍ലന്‍ഡിനെതിരെ സഞ്ജുവും ഹൂഡയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 176 റണ്‍സിന്റെ കൂട്ടുകെട്ടാവും ഇനിയങ്ങോട്ട് ടി-20യിലെ മികച്ച പാര്‍ട്‌നര്‍ഷിപ്പ് ഇന്നിങ്‌സ്.

രോഹിത് ശര്‍മ-കെ.എല്‍. രാഹുല്‍ എന്നിവരുടെ 165 റണ്ണിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും മറികടന്നത്.

മൂന്നാം ഓവറില്‍ 13 റണ്‍സുള്ളപ്പോള്‍ ഒന്നിച്ച ഇരുവരും 17ാം ഓവറില്‍ 189 റണ്ണിലെത്തിച്ചാണ് മടങ്ങിയത്. സഞ്ജുവിനെ മടക്കി മാര്‍ക്ക് അഡയറായിരുന്നു കൂട്ടുകെട്ട് പൊളിച്ചത്.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും ഉയര്‍ന്ന ഒമ്പതാമത്തെ കൂട്ടുകെട്ടാണ് സഞ്ജു-ഹൂഡ എന്നിവരുടെ 176 റണ്‍ കൂട്ടുകെട്ട്.

Leave A Reply

Your email address will not be published.