ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകൾ; അവിനാശ് മുൻപും ആക്രമിച്ചിരുന്നു

0

മണ്ണാർക്കാട് (പാലക്കാട്)∙ പള്ളിക്കുറുപ്പ് കുണ്ടുകണ്ടത്ത് ഭർത്താവിന്റെ വെട്ടേറ്റു മരിച്ച ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും തലയിലും കയ്യിലുമായാണ് മുപ്പതോളം വെട്ടേറ്റത്. പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.

കോയമ്പത്തൂർ കന്തസ്വാമി ലേഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടെയും മകൾ ദീപിക ചൊവ്വാഴ്ച രാവിലെയാണ് ഭർതൃവീട്ടിൽ വെട്ടേറ്റ് മരിച്ചത്. പിന്നാലെ, ഭർത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

താൻ കുട്ടിയെ ഉമ്മവയ്ക്കുന്നത് ഭാര്യ എതിർത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് അവിനാശ് പൊലീസിനു നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വസിക്കാനാവില്ലെന്നു ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു. ഇരുവരും തമ്മില്‍ നേരത്തേയും കലഹമുണ്ടായിരുന്നതായും മാനസിക പ്രശ്നങ്ങള്‍ക്ക് അവിനാശ് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. മുൻപ് പലതവണ ദീപികയെ അവിനാശ് ആക്രമിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബെഗംളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ കുടുംബ വീട്ടിലെത്തിയത്. എംഎസ്‌സി കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ദീപിക, രവിചന്ദ്രന്റെയും വാസന്തിയുടെയും ഏക മകളാണ്. ദീപികയ്ക്ക് ഒരു സഹോദരനുമുണ്ട്. ദീപികയുടെ മകൻ ഐവിനെ ദീപികയുടെ മാതാപിതാക്കളെ ഏൽപിച്ചു.

ദീപികയുടെ മൃതദേഹം പെരിന്തൽമണ്ണയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

Leave A Reply

Your email address will not be published.