കുറുപ്പിലെ പീറ്ററില്‍ നിന്നും കുറ്റവും ശിക്ഷയിലെ രാജേഷിലെത്തുമ്പോള്‍; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി സണ്ണി വെയ്ന്‍

0

രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും കഴിഞ്ഞ മെയ് 27നാണ് തിയേറ്ററുകളിലെത്തിയത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ 24ന് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കുറ്റവും ശിക്ഷയേയും പറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്.

ഒരു കുറ്റാന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലേക്ക് പോകുന്ന അഞ്ചംഗ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തിള്‍ കൃഷ്ണ എന്നിവരാണ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചത്. ചിത്രത്തിന്റ ഒ.ടി.ടി റിലീസിന് പിന്നാലെ സണ്ണി വെയ്ന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനന്ദനങ്ങള്‍ ഉയരുകയാണ്.ഈ പൊലീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും രസകരമായ ഒരു കഥാപാത്രമായിരുന്നു സണ്ണി വെയ്ന്‍ അവതരിപ്പിച്ച രാജേഷ്. അഭിനയത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട നടനാണ് സണ്ണി വെയ്ന്‍. മുഖത്ത് ഭാവങ്ങള്‍ വരുന്നില്ല, സൗണ്ട് മോഡുലേഷനില്ല തുടങ്ങിയവയൊക്കെയായിരുന്നു സണ്ണി വെയ്‌നെതിരെ ഉയരുന്ന പരാതികള്‍.അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പില്‍ സുഹൃത്ത് മരിച്ചു എന്നറിയുമ്പോഴുള്ള സണ്ണി വെയ്‌ന്റെ എക്‌സ്‌പ്രെഷന്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊക്കെ പരിഹരിച്ചുകൊണ്ട് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യുന്ന തരത്തിലാണ് സണ്ണി വെയ്ന്‍ കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

അത്യാവശ്യം സര്‍വീസുള്ള, ക്രിമിനലുകളുടെ അണ്ടര്‍ഗ്രൗണ്ട് കളികളൊക്കെ അറിയാവുന്ന ഒരു പൊലീസുകാരനാണ് സണ്ണി വെയ്‌ന്റേത്.

കേസന്വേഷണത്തിനായി അയാള്‍ ചില കുറുക്കുവഴികളിലൂടെ ക്രിമിനലുകളുടെ അടുത്തേക്ക് വരുന്നതും അവരോട് സംസാരിക്കുന്ന രീതിയുമൊക്കെ രസകരമായിരുന്നു. രാജേഷും ഷറഫുദ്ദീന്റെ കഥാപാത്രവും തമ്മിലുള്ള കോമ്പോ സീനുകളും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കെമിസ്ട്രിയുമൊക്കെ നന്നായി വര്‍ക്ക് ഔട്ടായ ഘടകങ്ങളാണ്.ഇടക്ക് ഭാര്യ അയച്ചു തരുന്ന ടിക് ടോക് വീഡിയോകളൊക്കെ കാണുന്ന രംഗങ്ങളും രസകരമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും രസികനായ ഒരു പൊലീസുകാരനാണ് രാജേഷ്.

ആസിഫ് അലി, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകളോട് പൂര്‍ണമായും നീതി പുലര്‍ത്തി.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിബി തോമസും മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.തന്റെ ഔദ്യോഗിക ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിബി തോമസ് സിനിമയാക്കിയിരിക്കുന്നത്. സിബി തോമസ് ഇന്‍സ്പെക്ടറായിരുന്ന സമയത്ത് കുണ്ടംകുഴി എന്ന മലയോര പ്രദേശത്ത് നടന്ന ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഇതിവൃത്തമായത്.

Leave A Reply

Your email address will not be published.