എന്തായിരുന്നു അയാളെ പേര് ? ആ.. നോളന്; ഇന്സെപ്ഷന് എന്ന പടമൊക്കെ കണ്ടിട്ട് ഒരു തേങ്ങയും മനസിലായില്ല: ധ്യാന്‍ ശ്രീനിവാസന്
ബുദ്ധിജീവി കളിക്കാനായി താന്‍ പെടുന്ന പെടാപാടുകളെ കുറിച്ച് രസകരമായ കമന്റുമായി സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്. ചില സിനിമകള്‍ കണ്ട് ഇഷ്ടമായാലും അത് ഇഷ്ടമായെന്ന് പറയാതെയും ഇഷ്ടമല്ലാത്ത സിനിമകള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞും പലപ്പോഴും പിടിച്ചുനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ധ്യാന്‍ പറയുന്നത്.
ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഇംഗ്ലീഷ് പടങ്ങളും കണ്ടാല്‍ തനിക്ക് മനസിലാവാറില്ലെന്നും പല തവണ കണ്ടാണ് ചില പടങ്ങള്‍ മനസിലാക്കിയെടുത്തതെന്നും ധ്യാന്‍ പറഞ്ഞു.സിനിമ എന്ന മീഡിയത്തോട് എനിക്ക് യാതൊരു താത്പര്യവും ഇല്ലായിരുന്നു. സാധാരണ സിനിമ കാണാന്‍ പോകുക പോലും രണ്ടെണ്ണം അടിച്ചിട്ടാണ്. പ്രൊഡ്യൂസറിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റേയും പേര് കാണിച്ചുകഴിയുന്നതോടെ ഉറങ്ങും. പിന്നെ വല്ല പാട്ടൊക്കെ വരുമ്പോള്‍ ഞെട്ടി എഴുന്നേല്ക്കും. പിന്നേയും കിടന്നുറങ്ങും. ഇതായിരുന്നു എന്റെ സിനിമ കാണുന്ന രീതി പോലും.ഇത്രയേ ഞാന്‍ എന്ജോയ് ചെയ്യാറുള്ളൂ. ചില കൂറ തമിഴ് പടങ്ങളൊക്കെ പോയി കാണുമായിരുന്നു. ക്ലാസ് കള്‍ട്ട് പടങ്ങളൊന്നും ഞാന്‍ കണ്ടിട്ടേ ഇല്ല. എന്നോടിപ്പോള്‍ ആരെങ്കിലും ചില പടങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ കേട്ടിട്ടുപോലുമുണ്ടാകില്ല. ഐ.എം.ഡി.ബിയിലുള്ള 250 ടോപ്പ് പടങ്ങളുടെ ലിസ്റ്റ് എടുത്ത് വെച്ച് പഠിക്കും. ആരെങ്കിലും ചോദിച്ചാല്‍ പറയാമല്ലോ.
കുറേ ആക്ടേഴ്സിന്റെയൊക്കെ പേര് പഠിച്ചുവെക്കും. അല്ലാതെ കൂടുതല്‍ അതിനെ പറ്റി ചോദിച്ചു കഴിഞ്ഞാല്‍ പെടും. എനിക്ക് ഈ ഇന്സെപ്ഷന് എന്ന പടമൊക്കെ കണ്ടിട്ട് ഒരു തേങ്ങയും മനസിലായില്ല. അയാളെ പേര് എന്തായിരുന്നു ആ..നോളന്. കാരണം പൊതുവെ എനിക്ക് ഇംഗ്ലീഷ് പടം കണ്ടാല്‍ തന്നെ മനസിലാവില്ല.ഇവരെന്താണ് ഈ കാണിക്കുന്നത്. എന്താണ് ഇവരുടെ പ്രശ്നം എന്നൊക്കെയാണ് എന്റെ ചിന്ത (ചിരി) . അപ്പോഴാണ് ഈ ഇന്സെപ്ഷനൊക്കെ ഇറങ്ങുന്നത്. എനിക്കാണേല്‍ ഒന്നും മനസിലാവുന്നുമില്ല കൂടെയുള്ളവര്ക്കാണേല് എല്ലാം മനസിലാവുന്നുമുണ്ട്. മനസിലാവില്ലെന്ന് പറഞ്ഞാല്‍ നാണക്കേടല്ലേ.ഇന്റര്സ്റ്റെല്ലറൊക്കെ ഞാന്‍ നാല് തവണ കണ്ടു. എന്ത് മനസിലാവാന്‍. സിനിമ കണ്ടിട്ട് മനസിലാവാത്ത അവസ്ഥ ആലോചിച്ച് നോക്ക്. മാര്ട്ടിന് സ്കോര്‍സീസിന്റെ പടം കണ്ടിട്ടില്ലേ എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പതുക്കെ ഗൂഗിള്‍ എടുത്ത് അടിച്ചു നോക്കും. ഇതാണ് അവസ്ഥ. ഇങ്ങനെ പലരുടേയും മുന്നില്‍ പിടിച്ചു നില്‍ക്കുകയാണ്. പിന്നെ ഇതെല്ലാം ഇരുന്ന് ബൈഹാര്‍ട്ട് പഠിച്ചു. ഉഡായിപ്പിനും ഒരു സ്റ്റഡി നമ്മള് നടത്തണം. നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട് (ചിരി), ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.