സ്വർണ വെള്ളരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പിച്ചളക്കട്ടി കൈമാറി 1.75 ലക്ഷം രൂപ തട്ടി; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.

0

തേഞ്ഞിപ്പലം ∙ സ്വർണ വെള്ളരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പിച്ചളക്കട്ടി കൈമാറി 1.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തേഞ്ഞിപ്പലം പൊലീസ് തെളിവെടുത്തു. നീലഗിരി ഗൂഡല്ലൂർ ഒന്നാംമൈൽ സ്വദേശി സെയ്തലവി (40)മുഹമ്മദ് അഷ്റഫ് (54) എന്നിവരെയാണ് ചേലേമ്പ്ര കാക്കഞ്ചേരിയിലും പുല്ലുംകുന്നിലും എത്തിച്ച് തേഞ്ഞിപ്പലം എസ്ഐ പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസ് തെളിവെടുത്തത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയുടെ പരാതിയിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.പ്രതികളിലൊരാൾ തങ്ങളുടെ പക്കൽ സ്വർണ വെള്ളരി ഉണ്ടെന്ന് പരാതിക്കാരനെ ഫോണിൽ അറിയിക്കുകയായിരുന്നു.തുടർന്ന് കാക്ക‍ഞ്ചേരിയിലേക്ക് വിളിച്ച് വരുത്തി പിച്ചളക്കട്ടി നൽകി. ഉരച്ച് പരിശോധിച്ചപ്പോൾ ലഭിച്ച പൊടികൾ സ്വർണമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.പിന്നീട് ഇത് പിച്ചള ആണെന്ന് തിരിച്ചറിഞ്ഞതനുസരിച്ച് പ്രതികളെ പരാതിക്കാരൻ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. സമാന കേസിൽ രണ്ട് പേർ പൊന്നാനിയിൽ അറസ്റ്റിലായ വിവരമറിഞ്ഞാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതിനൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തന്നെയാണു പ്രതികളെന്നു തിരിച്ചറിഞ്ഞു.

Leave A Reply

Your email address will not be published.