ഇറാനില്‍ ശക്തമായ ഭൂചലനം; യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം

0

ടെഹ്റാന്‍: തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ഖാമിര്‍ പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ്.

ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനമുണ്ടായയ്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എ.ഇയില്‍ ഒരിടത്തും ഭൂചലനം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബായ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചു. ബഹ്‌റയ്ന്‍, ഖത്തര്‍, പാകിസ്ഥന്‍, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ ഇതേസമയം പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള സയേഹ് ഖോഷ് ഗ്രാമത്തിലാണ് മൂന്ന് പേരും മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.