‘അവാര്‍ഡുകളോടുള്ള മോഹം പലരെയും സി.പി.ഐ.എമ്മാക്കുമ്പോള്‍ യുവ സിനിമാക്കാര്‍ കോണ്‍ഗ്രസിനൊപ്പം’; യൂത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെ. സുധാകരന്‍

0

‘അവാര്‍ഡുകളോടുള്ള മോഹം പലരെയും സി.പി.ഐ.എമ്മാക്കുമ്പോള്‍ യുവ സിനിമാക്കാര്‍ കോണ്‍ഗ്രസിനൊപ്പം’; യൂത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയ സംവിധായകന്‍ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
സിനിമ രംഗത്തെ യുവതുര്‍ക്കികളെ കോണ്‍ഗ്രസിന്റെ വേദികളില്‍ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സി.പി..ഐ.എം അനുകൂലികള്‍ ആക്കുന്ന ഇക്കാലത്ത്, കോണ്‍ഗ്രസിന്റെ ക്യാമ്പുകളില്‍ ജനങ്ങളോട് സംസാരിക്കാന്‍ സിനിമയിലെ യുവാക്കള്‍ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാര്‍ഡ് വെച്ചിട്ട്, എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവര്‍ത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോണ്‍ഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങള്‍ക്കില്ല.

ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ഷിവിറില്‍ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകന്‍ ബേസില്‍ ജോസഫിന് അഭിവാദ്യങ്ങള്‍,’ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ എഴുതി.

പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കാണ്‍ഗ്രസ് ക്യാമ്പിലാണ് ബേസില്‍ ജോസഫ് കഴിഞ്ഞ ദിവസം പങ്കെടുത്ത് സംസാരിച്ചത്. ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സ്. ശബരീനാഥനും രംഗത്തെത്തിയിരുന്നു.

‘ബേസില്‍ ജോസഫും ഞാനും CET യില്‍ (കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം) നിന്നും പഠിച്ചവരായതുകൊണ്ടു നമ്മള്‍ തമ്മില്‍ ഒരു സ്പെഷ്യല്‍ ബന്ധമുണ്ട്. ‘പ്രിയംവദ കാതരയാണോ’ മുതല്‍ ‘മിന്നല്‍ മുരളി’ വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എവിടെയോ ഒരു CET ടച്ച് ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.ഇന്ന് പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ബേസില്‍ വന്നപ്പോള്‍ ഓര്‍മവന്നതും അതുതന്നെയാണ്. ലളിതമായി, ജാഡകളില്ലാതെ നര്‍മ്മത്തില്‍ ചാലിച്ചു ബേസില്‍ ക്യാമ്പില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പുതിയ തലമുറയിലുള്ളവര്‍ക്കും എന്നെ പോലെയുള്ള രാഷ്ട്രീയകാര്‍ക്കും കുറെയേറെ പഠിക്കാനുണ്ട്,’ എന്നായിരുന്നു ശബരീനാഥന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.

Leave A Reply

Your email address will not be published.