കുടുംബത്തിലെ അഞ്ച് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തന്‍പറ ജങ്ഷനില്‍ തട്ടുകട നടത്തുന്ന കുട്ടന്‍ എന്ന് വിളിക്കുന്ന മണിക്കുട്ടന്‍(52), ഭാര്യ സന്ധ്യ, മക്കളായ അജീഷ്(15), അമേയ(13), മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മണിക്കുട്ടന്റെ അമ്മ വിലാസിനി ഈ വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.

പ്രാഥമികമായി കൂട്ട ആത്മഹത്യയെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ വിശദമായ പരിശോധന വേണ്ടിവരുമെന്നും പൊലീസ് പറയുന്നു. മരിച്ച മണിക്കുട്ടന്‍ ചാത്തന്‍പാറയില്‍ തട്ടുകട നടത്തുന്നയാളാണ്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് കടയില്‍ പരിശോധന നടത്തിയിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ടതോടെ മണിക്കുട്ടന്‍ പിഴയടക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ കട തുറക്കാന്‍ ആവശ്യപ്പെട്ടുവന്ന ജീവനക്കാരനാണ് മണിക്കുട്ടനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടത്തിയത്. മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു. എല്ലാവരും ആത്മഹത്യ ചെയ്തതാണ് എന്നതോ അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം മണിക്കുട്ടന്‍ തൂങ്ങി മരിച്ചതാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് തീരുമാനത്തിലെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.