വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി വെല്ലുവിളിച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനം, മാപ്പ് പറയണം: കെ.എസ്.യു
കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി എ പ്ലസ് തമാശയായിരുന്നു എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു. വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.
സാമൂഹിക, ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ച് പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും കഷ്ടപ്പെട്ട് പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കേരളത്തിന് അപമാനമാണ്. ലോക സമൂഹത്തിനുമുന്നിലാണ് മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വി.ശിവന്‍കുട്ടി അവഹേളിച്ചിരിക്കുന്നത്.
അപക്വമായ പ്രസ്താവന പിന്‍വലിച്ച് കേരള സമൂഹത്തോടും,മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളോടും മാപ്പ് പറയാന്‍ വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തയ്യാറാവുക,’ കെ.എം. അഭിജിത്ത് ഫേസ്ബുക്കില്‍ എഴുതി.
ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ ഫലം നിലവാരമുള്ളതാക്കിയെന്നും ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചുവെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വളരെ തമാശയായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായിരുന്നു. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്,’ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.