‘തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി പറയുന്നത് കേട്ടു, വരട്ടെ, ഞാനും അതിനാണ് കാത്തിരിക്കുന്നത്’; ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രശേഖര്‍ റാവു

0

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരം അട്ടിമറിച്ചതിന് പിന്നാലെ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രി വോട്ടിന്റെ സമയത്ത് ജനങ്ങള്‍ക്ക് മധുരോദാരമായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും അധികാരത്തിലെത്തിയ ശേഷം നുണകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചു.

തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ ബി.ജെ.പിയെ തെലങ്കാന രാഷ്ട്ര സമിതി തഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിയിലൂടെ താഴെയിറക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ താഴെയിറക്കിയത് പോലെ തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനേയും താഴെയിറക്കുമെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ പറയുന്നത് കേട്ടു. അത് സാരമില്ല, ഞങ്ങളും അതിനായി തന്നെയാണ് കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് അതോടെ സ്വതന്ത്രമാകാമല്ലോ. പിന്നെ പതിയെ ഞങ്ങള്‍ ദല്‍ഹിയില്‍ നിന്ന് നിങ്ങളെ (ബി.ജെ.പിയെ) താഴെയിറക്കിക്കോളാം.

പ്രതിസന്ധികളില്‍ നിന്നാണല്ലോ വിപ്ലവം ജനിക്കുന്നത്,’ റാവു പറഞ്ഞു.തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എമാരുടേയും എം.പിമാരുടേയും യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താനായിരുന്നു യോഗം സംഘടിപ്പിച്ചത്.

‘മോദി രാജ്യത്തെ ജനാധിപത്യത്തെ ദിനവും കൊല്ലുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ഇല്ലാതാക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് 100ലധികം എം.എല്‍.എമാരുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത് എന്റെ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ്,’ അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ ബി.ജെ.പിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം നടക്കുകയാണ്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.ബി.ജെ.പി പ്രതിപക്ഷത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെയും എതിര്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ നല്ല നടപടികളും രാജ്യത്തെ ശാക്തീകരിക്കാനുള്ള നടപടികളുമുള്‍പ്പെടെ വിമര്‍ശിക്കുകയും അവയ്ക്ക് എതിര് നില്‍ക്കുകയുമാണെന്നാണ് നദ്ദയുടെ വാദം.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമാണ് ബി.ജെ..പി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം കുടുംബങ്ങളെ ശാക്തീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും നദ്ദ പറഞ്ഞു.

Leave A Reply

Your email address will not be published.