‘ഞങ്ങള്‍ ബാങ്ക് മാത്രമാണ് കൊള്ളയടിക്കാറ്, നിങ്ങള്‍ രാജ്യം മുഴുവന്‍ കൊള്ളയടിക്കുന്നു’; വ്യാപകമായി മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്ന മണി ഹീസ്റ്റ് പോസ്റ്ററുകള്‍

0

ഹൈദരാബാദ്: ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ ഹൈദരാബാദില്‍ വ്യാപകമായി ബി.ജെ.പിയെയും മോദിയെയും വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍. മണി ഹീസ്റ്റ് എന്ന സീരീസിലെ കഥാപാത്രങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് ഹൈദരാബാദില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബാങ്ക് കൊള്ളയടിക്കുന്നതിന്റെ കഥ പറയുന്ന സീരീസായ മണി ഹീസ്റ്റിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം ‘ഞങ്ങള്‍ ബാങ്ക് മാത്രമാണ് കൊള്ളയടിക്കുന്നത് എന്നാല്‍ നിങ്ങള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

വലിയ ബാനറുകളായും ഇതേ ചിത്രങ്ങള്‍ ഹൈദരാബാദില്‍ കാണാം. സംസ്ഥാന സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്.

ഭരണകക്ഷികളുടെ എം.എല്‍.എമാരെ സ്വാധീനിച്ച് ബി.ജെ.പി ഭരണം അട്ടിമറിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ‘ഞങ്ങള്‍ ബാങ്കുകള്‍ മാത്രമാണ് കൊള്ളയടിക്കുന്നത്, നിങ്ങള്‍ രാജ്യത്തെ തന്നെ കൊള്ളയടിക്കുകയാണെ’ന്നും പോസ്റ്ററില്‍ പറയുന്നു.

ബൈ ബൈ മോദി എന്ന ഹാഷ്ടാഗും പോസ്റ്ററില്‍ കാണാം.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആരംഭിച്ചത്. ബി.ജെ.പിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

യോഗം ആരംഭിച്ചതുമുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മണിഹീസ്റ്റ് കഥാപാത്രങ്ങളുടെ വസ്ത്രം ധരിച്ച മനുഷ്യരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.സമൂഹമാധ്യമങ്ങളിലും മീമുകളായും പോസ്റ്ററുകളായും ചിത്രം വ്യാപകമായി പ്രചിക്കുകയാണ്.

Leave A Reply

Your email address will not be published.