40 വര്‍ഷം രാജ്യം ബി.ജെ.പി ഭരിക്കും, വംശീയ, ജാതീയ രാഷ്ട്രീയം രാജ്യത്തിന്റെ ദുരിതം’: അമിത് ഷാ

0

ഹൈദരാബാദ്: അടുത്ത 40 വര്‍ഷക്കാലം രാജ്യത്ത് ബി.ജെ.പി ഭരണം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനിടെയായിരുന്നു ഷായുടെ പരാമര്‍ശം. ബി.ജെ.പി അധികാരം തുടരുന്നതോടെ ലോകരാജ്യങ്ങളെ നയിക്കുന്ന നേതാവായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ‘വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം’ എന്നിവ ‘ഏറ്റവും വലിയ പാപങ്ങളാണെന്നും’ വര്‍ഷങ്ങളായി രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാണെന്നും ഷാ പറഞ്ഞു. കുടുംബവാഴ്ചയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാന, പശ്ചിമ ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കുമെന്നും, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പെടെ കാവിയില്‍ നിന്ന് വിട്ടുനിന്ന മറ്റ് സംസ്ഥാനങ്ങളില്‍ കൂടി ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജി.പി. നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെയും എതിര്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ നല്ല നടപടികളും രാജ്യത്തെ ശാക്തീകരിക്കാനുള്ള നടപടികളുമുള്‍പ്പെടെ വിമര്‍ശിക്കുകയും അവയ്ക്ക് എതിര് നില്‍ക്കുകയുമാണെന്നാണ് നദ്ദയുടെ വാദം.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമാണ് ബി.ജെ..പി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം കുടുംബങ്ങളെ ശാക്തീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും നദ്ദ പറഞ്ഞു.

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയിരുന്നു. തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ ബി.ജെ.പിയെ തെലങ്കാന രാഷ്ട്ര സമിതി തഴെയിറക്കുമെന്നും റാവു പറഞ്ഞു.

‘മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ താഴെയിറക്കിയത് പോലെ തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനേയും താഴെയിറക്കുമെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ പറയുന്നത് കേട്ടു. അത് സാരമില്ല, ഞങ്ങളും അതിനായി തന്നെയാണ് കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് അതോടെ സ്വതന്ത്രമാകാമല്ലോ. പിന്നെ പതിയെ ഞങ്ങള്‍ ദല്‍ഹിയില്‍ നിന്ന് നിങ്ങളെ (ബി.ജെ.പിയെ) താഴെയിറക്കിക്കോളാം.പ്രതിസന്ധികളില്‍ നിന്നാണല്ലോ വിപ്ലവം ജനിക്കുന്നത്,’ റാവു പറഞ്ഞു.

Leave A Reply

Your email address will not be published.