എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക് കമ്മിറ്റിക്ക്

0

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്കാണ് ഇനി ചുമതല.വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.

എം.പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ സി.പി.ഐ.എം വയനാട് ജില്ലാ നേതൃത്വത്തിന് നേരെ സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വെച്ചും വിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.ഐ.എമ്മിന്റെ വയനാട് ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം നടക്കുമോ എന്ന വിമര്‍ശനമായിരുന്നു സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.

എസ്.എഫ്.ഐ നടത്തിയ സമരം സി.പി.ഐ.എം ജില്ലാ നേതൃത്വം അറിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സംസ്ഥാനസമിതിയില്‍ വിശദീകരണം നല്‍കിയിരുന്നു.

അക്രമസംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയെ തള്ളിപ്പറയുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവുമടക്കം പ്രതികരിച്ചത്. നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുകയും എസ്.എഫ്.ഐ സമരത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്‍പ്പറ്റയിലെ രാഹുലിന്റെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സമയത്ത് കല്‍പ്പറ്റ കൈനാട്ടിയിലെ എം.പി ഓഫീസിലേക്ക് ഇരച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി ബഹളം വെക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയുമായിരുന്നു. പിന്നാലെ ദേശീയപാതയില്‍ പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലും തര്‍ക്കമുണ്ടായിരുന്നു.കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉള്‍പ്പെടെയുള്ളവരെയായിരുന്നു അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.