സൂരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയും സംവിധായിക സുധ കൊങ്കാരയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിനോടുബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചേക്കും. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാവും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്ന് സീ ന്യൂസ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ദുല്‍ഖറിനെ സമീപിച്ചെന്നും പ്രോജക്ടില്‍ താല്പര്യം കാണിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
അക്ഷയ് കുമാര്‍ നായകനായ സൂരറൈ പോട്രിന്റെ തമിഴ് റീമേക്ക് ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സുധ കൊങ്കാര. ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യ 41, വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന വാടിവാസല്‍ എന്നീ ചിത്രങ്ങളാണ് സൂര്യയുടെ പുതിയ പ്രോജക്റ്റുകള്‍.
നിലവില്‍ സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്കിന്റെ അണിയറയിലാണ് സുധ കൊങ്കാര. സൂര്യ അവതരിപ്പിച്ച നെടുമാരന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാര്‍ ആണ്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധനും എത്തുന്നു. ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്.
സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്.