ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് മുമ്പ് തന്നെ 2-1ന്റെ ലീഡോടെയാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിലേക്കിറങ്ങിയത്. അവസാന ടെസ്റ്റില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നതായിരുന്നു ഇന്ത്യയുടെ അഡ്വാന്റേജ്.
എന്നാല്‍ അഞ്ചാം മത്സരവും ജയിച്ച് ആധികാരികമായിട്ടായിരിക്കണം പരമ്പര നേടേണ്ടത് എന്ന ആത്മവിശ്വാസമായിരുന്നു ഇന്ത്യയ്ക്ക്. പരമ്പരയില്‍ ലീഡ് ഉണ്ട് എന്ന പ്രതീക്ഷയില്‍ ഉഴപ്പിക്കളിക്കാന്‍ ശ്രമിക്കാതെ ക്ലാസിക് ടെസ്റ്റ് തന്നെയായിരുന്നു ഇന്ത്യ പുറത്തെടുത്തത്.
അവസാന ടെസ്റ്റ് ജയിക്കണമെന്നും പരമ്പര സമനിലയാക്കണമെന്നുമുള്ള വാശിയിലായിരുന്നു ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്സില്‍ മോശമാക്കിയ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ തിരിച്ചടിക്കുകയായിരുന്നു.
നാലാം ദിവസം മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യയ്ക്ക് പോകെ പോകെ മത്സരം കൈവിട്ടുപോവുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നപ്പോള് 152ന് മൂന്ന് നിലയില്‍ നിന്നും 245ന് ഓള് ഔട്ട് എന്ന നിലയിലേക്കായിരുന്നു ഇന്ത്യയുടെ പതനം.
ആദ്യ ടെസ്റ്റിലെ ലീഡ് അടക്കം 378 എന്ന ടോട്ടല്‍ ഇംഗ്ലണ്ടിന് മുമ്പില്‍ വെച്ചപ്പോള്‍ ഇംഗ്ലീഷ് പട വിയര്‍ക്കുമെന്നായിരുന്നു ഇന്ത്യന്‍ ടീമും ആരാധകരും വിശ്വസിച്ചിരുന്നത്.
എന്നാല്‍, ന്യൂസിലാന്‍ഡിനെ വൈറ്റ് വാഷ് ചെയ്ത കളിയായിരുന്നു ഇംഗ്ലണ്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍മാര്‍ ഒന്നൊഴിയാതെ പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ സ്കോറിങിന് അടിത്തറയൊരുക്കിയത് ഓപ്പണ്മാരായിരുന്നു.
107 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ക്രോളിയും ലീസും ചേര്‍ന്ന് കെട്ടിപ്പൊക്കിയത്. സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ ഓലി പോപ്പിനെ മൂന്നാം പന്തില്‍ തന്നെ പന്തിന്റെ കൈകളിലെത്തിക്കുകയും വളരെ പെട്ടെന്നുതന്നെ ലീസ് റണ്‍ ഔട്ടാവുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തി എന്നായിരുന്നു കരുതിയത്.
വിക്കറ്റ് നഷ്ടപ്പെടാതെ 107 എന്ന നിലയില്‍ നിന്നും മൂന്ന് വിക്കറ്റിന് 109 എന്ന നിലയിലേക്ക് വളരെ പെട്ടെന്നായിരുന്നു ഇംഗ്ലണ്ട് എത്തിയത്.
എന്നാല്‍, ടെസ്റ്റിലെ രാജകുമാരനായ ജോ റൂട്ടും, വമ്പനടിവീരന്‍ ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു. 112 പന്തില്‍ നിന്നും 76 റണ്‍സുമായി റൂട്ടും 87 പന്തില്‍ നിന്നും 72 റണ്‍സുമായി ബെയര്‍സ്റ്റോയുമാണ് നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍.
അവസാന ദിവസം 100 ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 119 റണ്‍സാണ്, ഇന്ത്യയ്ക്ക് വേണ്ടത് ഏഴ് വിക്കറ്റും.
ഇംഗ്ലണ്ടിന്റെ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ അവരെ സംബന്ധിച്ച് അടിച്ചെടുക്കാവുന്ന റണ്‍സ് മാത്രമാണ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കി വിക്കറ്റ് വീഴ്ത്താനായാല്‍ ഇന്ത്യയ്ക്ക് വിജയം നേടാം.
2007ന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ നേടുന്ന ആദ്യ പരമ്പര കൈവിട്ടുകളയാതിരിക്കാന്‍ ഇന്ത്യയും, ഇംഗ്ലണ്ട് മണ്ണില്‍ നിന്നും ഇന്ത്യയെ ജയിക്കാന്‍ വിടില്ല എന്ന സ്റ്റോക്സിന്റെ വെല്ലുവിളിയുമാകുമ്പോള് അവസാന ദിവസം ഇരുവര്‍ക്കും നിര്‍ണായകമാകും.