ഒട്ടാവ: ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിന് കാനഡയുടെ അംഗീകാരം. ഇതോടെ ഇരു രാജ്യങ്ങളുടെയും പ്രവേശനത്തിന് ഔദ്യോഗികമായി അനുമതി നല്കുന്ന ആദ്യ രാജ്യം കൂടിയായി കാനഡ മാറി.
കാനഡയുടെ ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങള്‍ ഏകപക്ഷീയമായാണ് ഇത് അംഗീകരിച്ചത്.
വളരെ പെട്ടെന്നും ഫലപ്രദമായ രീതിയിലും നാറ്റോയുമായി സംയോജിക്കാനും സഖ്യത്തിന്റെ കൂട്ടായ പ്രതിരോധത്തിന് സംഭാവന നല്‍കാനുമുള്ള കഴിവ് സ്വീഡനും ഫിന്‍ലാന്‍ഡിനും ഉണ്ട് എന്ന കാര്യത്തില്‍ കാനഡക്ക് പൂര്‍ണ വിശ്വാസമുണ്ട്,” കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
അംഗരാജ്യങ്ങളെല്ലാം അനുമതി നല്‍കുകയും ഈ രാജ്യങ്ങളിലെ പാര്ലമെന്റുകള് അംഗീകരിക്കുകയും ചെയ്താലേ സ്വീഡനും ഫിന്‍ലാന്‍ഡിനും നാറ്റോയില്‍ അംഗത്വം നേടാന്‍ സാധിക്കൂ.
അതേസമയം, നാറ്റോയില്‍ ചേരാനുള്ള പ്രോട്ടോകോളില്‍ സ്വീഡനും ഫിന്‍ലാന്‍ഡും ഒപ്പുവെച്ചു. ഇതോടെ ഇനി നടക്കുന്ന നാറ്റോയുടെ യോഗങ്ങളിലെല്ലാം ഇരു രാജ്യങ്ങള്‍ക്കും പങ്കെടുക്കാം.
നാറ്റോ അംഗങ്ങളായ 30 രാജ്യങ്ങളും ആക്സഷന് പ്രോട്ടോകോളില്‍ (accession protocol) ഒപ്പുവെച്ചിട്ടുണ്ട്. ആണവ- സായുധ സഖ്യത്തിലേക്കുള്ള (nuclear-armed alliance) സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും പ്രവേശനത്തിന് വേണ്ടിയാണിത്.
നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.
ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊരു ഷിഫ്റ്റായിരിക്കും സംഭവിക്കുക.
ജൂണ്‍ 29, 30 തീയതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ വെച്ച് നടന്ന നാറ്റോ ഉച്ചകോടിയിലേക്ക് നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും ഫിന്‍ലാന്‍ഡിനും ക്ഷണമുണ്ടായിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്ഡേഴ്സണ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവരായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഉച്ചകോടിയില്‍ വെച്ച് സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ അംഗരാജ്യമായ തുര്‍ക്കി പിന്‍വലിക്കുകയും ചെയ്തിരുന്നു.
റഷ്യയുടെ ഉക്രൈന് അധിനിവേശത്തോടെയാണ് നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികളിലേക്ക് സ്വീഡനും ഫിന്‍ലാന്‍ഡും കടന്നത്.
ഇതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന പക്ഷം ഈ രാജ്യങ്ങള്‍ക്കെതിരെ സൈനികപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മോസ്കോയുടെ മുന്നറിയിപ്പ്.