ഉക്രൈന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന്റെ പ്രവര്‍ത്തി പോലെ; പ്രധാനമന്ത്രിക്ക് ഗള്‍ഫ് നേതാക്കളുമായുള്ള ബന്ധം നുപുര്‍ ശര്‍മ വിവാദം ശാന്തമാക്കി: എസ്. ജയ്ശങ്കര്‍

0

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ബന്ധമാണെന്ന് എസ്. ജയ്ശങ്കര്‍.

ദല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

നുപുര്‍ ശര്‍മയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു വിവാദ വിഷയത്തെക്കുറിച്ച് മന്ത്രി സംസാരിച്ചത്. വിവാദങ്ങള്‍ പെട്ടെന്ന് ശാന്തമാകുന്നതില്‍ പ്രധാനമന്ത്രിയുടെ ഇമേജും ബന്ധങ്ങളും സഹായകരമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഇന്ത്യയുടെ ഇമേജും എന്‍ഗേജ്‌മെന്റും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധവും മാറ്റിയെടുക്കുന്നതില്‍ പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധ ചെലുത്തി.

ഈയടുത്ത് അദ്ദേഹം യു.എ.ഇ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം ആക്ടീവായിരുന്നു. ഒരുപാട് ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ അറിയാം. അവര്‍ക്ക് അദ്ദേഹത്തെ അറിയാം, നമ്മളെ അറിയാം, ഈ സര്‍ക്കാരിനെ അറിയാം.

നമ്മുടെ നിലപാടുകളും ചിന്തകളുമെന്താണെന്ന് അവര്‍ക്കറിയാം.

ആ സഭവത്തില്‍ (നുപുര്‍ ശര്‍മ വിവാദം) അവര്‍ എന്താണോ പറഞ്ഞത് അത് ഞങ്ങളുടെ പാര്‍ട്ടിയുടെ നിലപാടല്ല.

ഒരുപാട് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. തങ്ങള്‍ പറഞ്ഞതില്‍ ഖേദമുണ്ടെന്ന് പല രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍, ബന്ധപ്പെട്ട പാര്‍ട്ടിയായ ബി.ജെ.പി ആശങ്കാകുലരാണെന്നും ഞങ്ങള്‍ക്കറിയാം, എന്നവര്‍ പറഞ്ഞു,”

ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പരിപാടിയില്‍ വെച്ച് എസ്. ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു.

‘യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക,’ എന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കിയാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് സ്വീകരിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.രുപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ (Modi@20: Dreams Meet Delivery) എന്ന പുസ്തകത്തിന്മേല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്യാന്‍വ്യാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശം. ഇതിന് പിന്നാലെ ജി.സി.സി രാജ്യങ്ങളും യു.എന്നും അടക്കമുള്ളവര്‍ പരാമര്‍ശത്തിനും ഇന്ത്യയുടെ നിലപാടിനുമെതിരെ രംഗത്തെത്തിയിരുന്നു.

വിവാദത്തെത്തുടര്‍ന്ന് നുപുര്‍ ശര്‍മയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.