സ്വപ്നയ്ക്ക് ‘ചെല്ലും ചെലവും’ അവസാനിപ്പിച്ച് എച്ച്ആർഡിഎസ്; ‘ഭരണകൂട ഭീകരതയുടെ ഇര’

0

പാലക്കാട് ∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജികൃഷ്ണൻ അറിയിച്ചു.

‘സ്വപ്ന സുരേഷിന് നാലുമാസം മുൻപു ജോലി നൽകിയതിന്റെ പേരിൽ ഭരണകൂടഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആർഡിഎസ്. സ്വപ്ന സുരേഷിനോടൊപ്പംതന്നെ ജയിലിൽനിന്നു പുറത്തിറങ്ങിയ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു.ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വർണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ പ്രസ്തുത കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന എം.ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’– വാർത്താക്കുറിപ്പിൽ എച്ച്ആർഡിഎസ് വ്യക്തമാക്കി.

ജോലി കൊടുത്തെന്നതിന്റെ പേരില്‍ ക്രൂശിക്കുന്നുവെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറയുന്നു. സ്ഥാപനത്തിലെ തൂപ്പുകാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുന്നുവെന്നും ജോയ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു. എച്ച്ആർഡിഎസിൽ വനിതാ ശാക്തീകരണം സിഎസ്ആർ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുൻപ് പാലക്കാട്ടെ ഫ്ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.

Leave A Reply

Your email address will not be published.