ടെലഗ്രാമിൽനിന്ന് വാട്സാപ് ഗ്രൂപ്പിലേക്ക്; മലയാളികളെ പിഴിഞ്ഞ് ഓൺലൈൻ ചൂതാട്ടം

0

കൊച്ചി ∙ ഭാഗ്യപരീക്ഷണം തേടുന്ന മനുഷ്യരെ ചൂഷണം ചെയ്തു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് വൻ ഓൺലൈൻ ചൂതാട്ട ശൃംഖല. പ്രശസ്തമായ വിദേശ ലോട്ടറികളുടെ പേരിലാണ് ഇടപാടുകൾ. സംസ്ഥാനത്ത് ആയിരങ്ങൾ ഇവരുടെ വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഉണ്ടെന്നാണ് വിവരം. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നാലക്ക ലോട്ടറികളുടെ മറവിലാണ് പണപ്പിരിവ്. 100, 150 രൂപ വീതമാണ് ഓരോ ലോട്ടറിയുടെയും പേരിൽ പിരിക്കുന്നത്. തൃശൂർ, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇത്തരം ഓൺലൈൻ ചൂതാട്ടത്തിനു പിന്നിൽ എന്നാണു വിവരം.

ആദ്യഘട്ടത്തിൽ ടെലഗ്രാമിലും ക്ലോസ്ഡ് ഗ്രൂപ്പുകളിലും മാത്രം നടത്തിവന്ന തട്ടിപ്പാണിത്. ഇപ്പോൾ വാട്സാപ് പബ്ലിക് ഗ്രൂപ്പുകളിൽ ഉൾപ്പെടെ ഗ്രൂപ്പ് ഇൻവിറ്റേഷൻ ലിങ്കുകൾ ഷെയർ ചെയ്തു കൂടുതൽ ആളുകളെ ചേർത്തു പണം തട്ടിയെടുക്കുന്ന രീതിയിലേക്കാണ് മാറിയിട്ടുളളത്. നാലക്കമുള്ള ഒരേ നമ്പരിന്റെ 10,000 ടിക്കറ്റു വരെ ഒരാൾക്കു വാങ്ങാമെന്ന് ഇവർ പറയുന്നു. നിശ്ചിത നാലക്കത്തിൽ വരുന്ന നാല് അക്കങ്ങൾ തിരിച്ചുംമറിച്ചും എഴുതി സമ്മാനം നേടാമെന്നാണ് ഇവരുടെ അവകാശവാദം. ഒരു ലക്ഷം രൂപ മുതലുള്ള ഒന്നാം സമ്മാനങ്ങളാണ് വാഗ്ദാനം. രണ്ടര ലക്ഷം രൂപയിലേറെ സമ്മാനത്തുക വന്നാൽ നികുതി പിടിക്കുമെന്നു പറയുന്നു.

സിംഗപ്പൂരിലുള്ള ഇവരുടെ ഏജന്റ് വാങ്ങുന്ന ടിക്കറ്റിന്റെ ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം നറുക്കെടുപ്പു നടക്കുന്ന സിംഗപ്പൂർ 4ഡി ലോട്ടറിക്കു സമ്മാനം അടിച്ചാൽ പണം അക്കൗണ്ടിലേയ്ക്കു ട്രാൻസ്ഫർ ചെയ്യുമെന്നാണ് വാഗ്ദാനം. 4ഡി ലോട്ടറിയുടെ നറുക്കെടുപ്പു ഫലം തൽസമയം പുറത്തു വരുന്നതിനാൽ ഇത് തട്ടിപ്പല്ലെന്നും അവകാശപ്പെടുന്നു. ഇതിനകം സംസ്ഥാനത്ത് നിരവധിപ്പേർ വിജയികളായെന്നാണ് അവകാശവാദം. വിജയികളുടെ പേരു വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിശ്ചിത നാലക്കങ്ങളുടെ വിവിധ പാറ്റേണുകളിലുള്ള നമ്പറിൽ നറുക്കെടുത്താൽ സമ്മാനം ഉറപ്പാണെന്നു വിശ്വസിപ്പിക്കുന്നു. പതിവായി ലോട്ടറി എടുക്കുന്നതിൽ താൽപര്യമുള്ളവരാണ് ഗ്രൂപ്പുകളിലെ അംഗങ്ങളിൽ ഏറെയും. ചെറിയ തുക മാത്രമാണ് നഷ്ടമാകുന്നത് എന്നതിനാൽ നഷ്ടം അവഗണിക്കുന്നതാണ് അംഗങ്ങളുടെ രീതി. നിയമവിരുദ്ധ പ്രക്രിയയിലാണ് ഏർപ്പെടുന്നത് എന്ന് അറിയാതെ ആയിരക്കണക്കിനുപേർ വാട്സാപ്പിലും ടെലഗ്രാമിലും ഗ്രൂപ്പ് അംഗത്വമെടുത്ത് ചൂതാട്ടത്തിൽ ഏർപ്പെടുന്നുണ്ട് എന്നാണു സൂചന. ഇത്തരത്തിൽ ചൂതാട്ടത്തിനു ചുക്കാൻ പിടിക്കുന്ന ഒന്നിലേറെ സംഘങ്ങളുണ്ട്.

സിംഗപ്പൂർ ലോട്ടറി 4ഡിയുടെ പേരിൽ മൂന്നു വർഷത്തിലേറെയായി ലോട്ടറി വിൽക്കുന്നതായി ഗ്രൂപ്പ് അഡ്മിൻ പൊന്നാനി സ്വദേശി വിജിഷ് രവീന്ദ്രൻ എന്നയാൾ ഗ്രൂപ്പിൽ അവകാശപ്പെടുന്നു. വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും ലോട്ടറി വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിനും ഇതേക്കുറിച്ചു വലിയ ധാരണയില്ല. പരാതി ലഭിച്ചാൽ അന്വേഷണമുണ്ടാകുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.സംസ്ഥാനത്ത് കേരള ലോട്ടറിയെ അടിസ്ഥാനമാക്കി ഒരക്ക, രണ്ടക്ക നമ്പർ ലോട്ടറി ചൂതാട്ടം ഒരു ഘട്ടത്തിൽ വ്യാപകമായി മാറിയിരുന്നു. പേപ്പറിൽ എഴുതി നൽകുന്ന നമ്പരിന്റെ അടിസ്ഥാനത്തിൽ സമ്മാനം നൽകുന്ന രീതിയായിരുന്നു സംഘം പിന്തുടർന്നിരുന്നത്. ഒരക്കം, രണ്ടക്കം, മൂന്നക്കം എഴുതി നൽകി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അവസാന നമ്പരുകളായി വരുന്നവയ്ക്കു സമ്മാനം നൽകുന്നതായിരുന്നു രീതി.

ഇതിന് ലോട്ടറിയുമായി നിയമപരമായി യാതൊരു ബന്ധവുമില്ലെന്നു സർക്കാർ വ്യക്തമാക്കുകയും ചൂതാട്ടത്തിൽ ഏർപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും പൂർണമായി ഇല്ലാതാക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസവും ഫോർട്ട്കൊച്ചി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഒറ്റയക്ക ലോട്ടറി സംഘം പിടിയിലായിരുന്നു.

Leave A Reply

Your email address will not be published.