വീണ്ടും കുടുംബ നായകനായി അക്ഷയ് കുമാര്‍; ‘രക്ഷാബന്ധന്‍’ വീഡിയോ സോംഗ്

0

അക്ഷയ് കുമാറിന്‍റേതായി (Akshay Kumar) സമീപകാലത്ത് പുറത്തെത്തിയ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. അത് ഹിസ്റ്റോറിക്കല്‍ ഡ്രാമയായ സാമ്രാട്ട് പൃഥ്വിരാജ് ആയാലും ബച്ചന്‍ പാണ്ഡേ ആയാലും സൂര്യവന്‍ശി ആയാലും. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്കു ശേഷം അക്ഷയ് കുമാര്‍ ഒരു കുടുംബ നായക പരിവേഷത്തിലെത്തുന്ന ചിത്രമാണ് രക്ഷാബന്ധന്‍ (Raksha Bandhan). സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കങ്കണ്‍ റൂബി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഹിമേഷ് രഷമിയയാണ്.

നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ് എല്‍ റായ്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. “ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി”, അക്ഷയ് കുമാര്‍ അന്ന് കുറിച്ചിരുന്നു. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് 11ന് തിയറ്ററുകളില്‍ എത്തും.

Leave A Reply

Your email address will not be published.