എനിക്ക് വേണ്ടി ആരെങ്കിലും ഡബ്ബ് ചെയ്യുമ്പോൾ ഇൻസെക്യൂരിറ്റി ഫീൽ ചെയ്യാറുണ്ട്, പക്ഷേ ലൂസിഫറിൽ വിനീത് പൊളിച്ചു: വിവേക് ഒബ്രോയ്

0

ലൂസിഫർ എന്ന സിനിമയിലൂടെയാണ് വിവേക് ഒബ്രോയ് മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുന്നത്. ലൂസിഫറിലെ ബോബി എന്ന കഥാപാത്രം മനോഹരമായി അവതരിപ്പിക്കാൻ വിവേകിന് സാധിച്ചിരുന്നു.

എന്നാൽ അന്യഭാഷ നടനായത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഡബ്ബ് ചെയ്യുന്നത് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമായിരുന്നു. ആ ക്യാരക്ടറിന്റെ തീവ്രത കുറഞ്ഞുപോവാത്ത തരത്തിലുള്ള ഡബ്ബിങ് തീർച്ചയായും ആ സിനിമക്ക് അത്യാവശ്യമായിരുന്നു.

ആ ജോലി അടിപൊളിയായി കൈകാര്യം ചെയ്തത് നടനും നർത്തകനുമായ വിനീത് രാധാകൃഷ്ണൻ ആയിരുന്നു. ബോബിയുടെ ശബ്ദം വിനീതിൽ സുരക്ഷിതമായിരുന്നു. ലൂസിഫറിലെ ഡബ്ബിങ്ങിന് വിനീതിന് ഒരുപാട് പ്രശംസകൾ ലഭിച്ചു. ആ വർഷത്തെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

ലൂസിഫറിൽ വിനീത് തനിക്ക് വേണ്ടി ഡബ്ബിങ് ചെയ്തതിനെ കുറിച്ചും അത് വളരെ മികച്ചതായിരുന്നെന്നും പറയുകയാണ് വിവേക്. ക്ലബ് എഫ്.എം യു.എ.ഇക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൂസിഫറിൽ വിനീത് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് വളരെ നന്നായിരുന്നു. പക്ഷെ ഞങ്ങൾക്ക് കാണാൻ സമയം കിട്ടിയിട്ടില്ല. കടുവയുടെ തിരുവനന്തപുരത്തെ ഷെഡ്യൂളിൽ ഞാൻ അദ്ദേഹത്തെ കാണണമെന്ന് കരുതിയിരുന്നു. പക്ഷെ ആ ഷെഡ്യൂൾ കാൻസലായി.

എനിക്ക് അദ്ദേഹത്തെ കാണണമെന്നുണ്ട്. വിനീത് അത്രക്ക് മനോഹരമായ ഒരു ജോലിയാണ് ചെയ്തത്. വിനീത് നല്ലൊരു ആർട്ടിസ്റ്റ് ആയതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്ര മനോഹരമായി ഡബ്ബ് ചെയ്യാൻ സാധിച്ചത്.

 

എനിക്ക് വേണ്ടി ആരെങ്കിലും ഡബ്ബ് ചെയ്യുന്നു എന്ന് പറയുമ്പോൾ എനിക്ക് ഇൻസെക്യൂരിറ്റി ഫീൽ ചെയ്യാറുണ്ട്. കാരണം സംസാരിക്കുന്ന സമയത്ത് ഞാൻ നൽകിയ പോസും മറ്റു കാര്യങ്ങളുമൊക്കെ സത്യസന്ധമായി ഡബ്ബിങ് ആർട്ടിസ്റ്റിന് നൽകാൻ പറ്റുമോ എന്ന പേടിയാണത്.ഞാൻ തന്നെ ലൂസിഫറിലെ ബോബിക്ക് ഡബ്ബ് ചെയ്താലോ എന്ന് പൃഥ്വിയുമായി ഡിസ്‌കസ് ചെയ്തിരുന്നു. ഡബ്ബിങ് ഇത്രക്ക് അടിപൊളിയായതിന്റെ മുഴുവൻ ക്രഡിറ്റും പൃഥ്വിക്കും വിനീതിനുമാണ്. ബോബി എന്ന ക്യാരക്ടറിന്റെ മുഴുവൻ സ്പിരിറ്റോടും കൂടെയാണ് വിനീത് ഡബ്ബ് ചെയ്തത്,’ വിവേക് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് വിവേകിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.